ഞായറാഴ്ച കാറപകടത്തില്‍ കൊല്ലപ്പെട്ട ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയും സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. അമിത വേഗവും ഡ്രൈവറുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.മുംബൈയില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ പാല്‍ഘര്‍ ജില്ലയിലെ ചരോട്ടി ചെക്ക്പോസ്റ്റ് കടന്ന് 9 മിനിറ്റിനുള്ളില്‍ 20 കിലോമീറ്റര്‍ പിന്നിട്ട മെഴ്‌സിഡസ് ബെന്‍സ് കാര്‍ അതിവേഗത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.
കാര്‍ സൂര്യ നദിയിലെ പാലത്തിലെ ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ പിന്‍ സീറ്റിലിരുന്ന സൈറസ് മിസ്ത്രിയും (54) ജഹാംഗീര്‍ പണ്ടോളെയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുകയായിരുന്ന മിസ്ത്രി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടത്തില്‍പ്പെട്ടത്. മുംബൈ ആസ്ഥാനമായുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റ് അനഹിത പണ്ടോളെയാണ് (55) കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഇവര്‍ക്കും ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റു.
”പ്രാഥമിക അന്വേഷണമനുസരിച്ച്, അമിത വേഗതയും അശ്രദ്ധയുമാണ് വാഹനാപകടത്തിന് കാരണമായത്. മരിച്ച രണ്ടുപേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ല,’ ഞായറാഴ്ച രാത്രി ഉദ്യോഗസ്ഥന്‍ പറഞ്ഞു.ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍, പല്‍ഘര്‍ പോലീസ് കാര്‍ ചെക്ക്‌പോസ്റ്റ് കടന്ന് 2.21 ഓടെ അപകടത്തില്‍ പെട്ടതായി കണ്ടെത്തി. ഒമ്പത് മിനിട്ടിനിടെ 20 കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് അപകടം,’ അദ്ദേഹം പറഞ്ഞു.
മെഴ്സിഡസ് കാര്‍ 20 കിലോമീറ്റര്‍ ദൂരം (ചീക്ക് പോസ്റ്റില്‍ നിന്ന്) വെറും 9 മിനിറ്റിനുള്ളില്‍ പിന്നിട്ടതായി ഇത് കാണിക്കുന്നു, അതായത് മണിക്കൂറില്‍ ഏകദേശം 140 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ഉച്ചയ്ക്ക് 2.30 ന് സൂര്യ നദിയിലെ പാലത്തിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളെയുമാണ് പിന്‍സീറ്റില്‍ ഉണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന അനാഹിതയ്ക്കൊപ്പം ഭര്‍ത്താവ് ഡാരിയസ് മുന്‍സീറ്റിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒരു സ്ത്രീയാണ് കാര്‍ ഓടിച്ചിരുന്നതെന്നും ഇടതുവശത്ത് നിന്ന് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷി പറഞ്ഞു.
10 മിനിറ്റിനുള്ളില്‍ സഹായം എത്തിയെന്നും പരിക്കേറ്റ രണ്ട് പേരെ കാറില്‍ നിന്ന് പുറത്തെടുത്ത് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, മറ്റു രണ്ടുപേരും മരിച്ച നിലയില്‍ ആയിരുന്നു.
”സൈറസ് മിസ്ത്രി ഉള്‍പ്പെടെ രണ്ടുപേരെ മരിച്ച നിലയില്‍ ഇവിടെ കൊണ്ടുവന്നു. സൈറസിന് തലയ്ക്ക് പരിക്കേറ്റു, ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നു. പ്രാരംഭ ഘട്ടത്തില്‍ ഇത് അപകട മരണമാണെന്നാണ് തോന്നുന്നത്. പോലീസ് അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാകൂ,’ കാസ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ശുഭഹാം സിംഗ് പറഞ്ഞു.
മിസ്ത്രിയുടെയും ജഹാംഗീര്‍ പണ്ടോളെയുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തില്‍ അനാഹിത പണ്ടോളെയ്ക്കും ഭര്‍ത്താവ് ഡാരിയസ് പണ്ടോളെയ്ക്കു (60) ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച രാത്രി റോഡ് മാര്‍ഗം മുംബൈ ആശുപത്രിയിലേക്ക് ഇവരെ മാറ്റിയെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.