യുവ ടേബിള്‍ ടെന്നീസ് താരം ഡി വിശ്വ (18) വാഹനാപകടത്തില്‍ മരിച്ചു. സഹതാരങ്ങള്‍ക്കൊപ്പം വിശ്വ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ വരികയായിരുന്ന ട്രക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഗുവാഹത്തിയില്‍ നിന്ന് ഷില്ലോംഗിലേക്ക് പോകുമ്പോഴാണ് അപകടം.
തമിഴ്നാട് സ്വദേശിയാണ് വിശ്വ. 83ാമത് സീനിയര്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ സഹതാരങ്ങള്‍ക്കൊപ്പം പോകുമ്പോഴാണ് അപകടമുണ്ടായത് എന്ന് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വിശ്വത്തെ നോങ്പോ സിവില്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പേ മരണം സംഭവിച്ചിരുന്നു. വിശ്വത്തിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.