തിരുവനന്തപുരം: വളരും തോരും പിളരും എന്ന വാക്ക് വീണ്ടും കേരളാ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ സംഭവിക്കാന്‍ പോകുന്നുവോ? കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് വീണ്ടും പിളര്‍പ്പിന്റെ വക്കിലെന്ന് സൂചന. മോന്‍സ് ജോസഫ്, ഫ്രാന്‍സിസ് ജോര്‍ജ് എന്നിവര്‍ വ്യത്യസ്ഥ ചേരികളില്‍ നിന്നാണ് ഇപ്പോള്‍ പിളര്‍പ്പിലേക്ക് നീങ്ങുന്നത്. എന്നാല്‍ പിളര്‍പ്പ് എങ്ങിനേയും ഒഴിവാക്കാനുള്ള നീക്കവുമായി ജോസഫും രംഗത്തെത്തി.
കേരള കോണ്‍ഗ്രസ് എം പിളര്‍ന്നാണ് ജോസ് കെ മാണിയും ജോസഫും രണ്ടുവഴിക്ക് നീങ്ങിയത്. ഇതിനുശേഷം ഇരുപാര്‍ട്ടികളും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ ആണ് നടന്നത്. ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയിലും പല തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു. ജോസഫ് ഗ്രൂപ്പില്‍ . തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പാര്‍ട്ടിയുടെ മുഖ്യ ചുമതലകളില്‍ മോന്‍സ് ജോസഫിനെയും ജോയി എബ്രഹാമിനെയും കൊണ്ടുവന്നതാണ് തര്‍ക്കങ്ങള്‍ക്ക് തുടക്കം. എതിര്‍ഭാഗത്ത് ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് മോന്‍സ് ജോസഫ് ജോയി എബ്രഹാം എന്നിവരെ എതിര്‍ത്തു ശക്തമായി രംഗത്തുള്ളത്.
തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തൊടുപുഴയില്‍ ചേര്‍ന്ന് നേതൃയോഗം വലിയ പിളര്‍പ്പിന്റെ സൂചനകളാണ് നല്‍കുന്നത്. മോന്‍സ് ജോസഫ് വിഭാഗത്തിന് ഉയര്‍ന്ന പദവികള്‍ നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ് അടക്കമുള്ളവര്‍ തുറന്നടിച്ചു രംഗത്തെത്തി. ഈ നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല എന്ന് ഫ്രാന്‍സിസ് ജോര്‍ജ് ജോണിനെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ യോഗത്തില്‍ പറഞ്ഞു.
ഇതോടെയാണ് വലിയ തര്‍ക്കങ്ങളും രൂക്ഷമായ വാക്കേറ്റവും ഉണ്ടായത്. ഒരുവേള ഈ നേതാക്കള്‍ പാര്‍ട്ടി വിട്ടു പോകുമെന്ന് ഭീഷണിയും മുന്നോട്ടുവച്ചു. ഇതോടെയാണ് അനുനയ നീക്കം എന്ന നിലയില്‍ താഴേത്തട്ടു മുതല്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താമെന്ന് പി ജെ ജോസഫ് യോഗത്തില്‍ ഉറപ്പുനല്‍കിയത്. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഉടന്‍തന്നെ പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
അതൃപ്തി പരസ്യമാക്കി യോഗത്തിനുശേഷം ഫ്രാന്‍സിസ് ജോര്‍ജ് മാധ്യമങ്ങളെ കണ്ടു. ഇപ്പോഴുള്ള സംഘടനാ പദവികള്‍ താല്‍ക്കാലികം മാത്രമാണ് എന്ന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. അതേസമയം പിസി തോമസ് ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടിയിലേക്ക് വന്നപ്പോള്‍ ആണ് പുതിയ ക്രമീകരണങ്ങള്‍ ഉണ്ടാക്കിയത് എന്ന് പി ജെ ജോസഫ് വ്യക്തമാക്കി. നേരത്തെ കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ പരസ്യമായി വിമര്‍ശിച്ച് മോന്‍സ് ജോസഫ് രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിയില്‍ പുതുതായി വന്നവര്‍ക്ക് ഭരണഘടന അറിയാത്തതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ ആണ് എന്നായിരുന്നു അന്ന് മോന്‍സ് ജോസഫ് വ്യക്തമാക്കിയത്. കെഎം മാണിയുമായുള്ള ലയന സമയത്ത് ഭരണഘടനാ പുതുക്കിയിരുന്നു എന്നും ജോയി എബ്രഹാം ആണ് ഇത് മുന്‍കൈയെടുത്ത് നടത്തിയത് എന്നും ആയിരുന്നു മോന്‍സ് ജോസഫ് പറഞ്ഞത്. തര്‍ക്കങ്ങള്‍ രൂക്ഷമായതോടെ ഒരു വിഭാഗം ജോസ് കെ മാണിക്കൊപ്പം ചേരുമെന്ന സൂചനകളുണ്ടായിരുന്നു.
തോമസ് ഉണ്ണിയാടന്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയതായി ജോസ് കെ മാണിക്കൊപ്പം ഉള്ള ചില നേതാക്കള്‍ രഹസ്യമായി അവകാശപ്പെടുന്നു. പാര്‍ട്ടിയിലെ നേതാക്കള്‍ ജോസ് കെ മാണിക്കൊപ്പം നീങ്ങിയാല്‍ അത് ക്ഷീണമാകും എന്ന് പി ജെ ജോസഫ് വിലയിരുത്തുന്നു. അതുകൊണ്ട് നേതാക്കളെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. ഭരണം കൂടി ഉള്ള സാഹചര്യത്തില്‍ ജോസ് കെ മാണിക്കൊപ്പം ഏതെങ്കിലും നേതാക്കള്‍ പോയാല്‍ അത്ഭുതപ്പെടാനില്ല എന്നതാണ് ജോസഫ് ഗ്രൂപ്പിലെ ചില മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്.