Pravasimalayaly

കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും, മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളും ഇന്നു തുറന്നേക്കും

കൊല്ലം തെന്മല ഡാം ഇന്ന് രാവിലെ 11ന് തുറക്കും. കല്ലടയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍, മലമ്പുഴ ഡാമുകളും ഇന്നു രാവിലെ തുറന്നേക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136.95 അടിക്ക് മുകളിലെത്തി. ജലനിരപ്പ് റൂള്‍ കര്‍വിനോട് അടുത്താല്‍ ഇന്ന് തന്നെ സ്പില്‍ വേ ഷട്ടറുകള്‍ തുറക്കും.

പെരിങ്ങല്‍കുത്ത് ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നിട്ടുണ്ട്. ചിമ്മിനി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുന്നുണ്ട്. കുറുമാലി പുഴയുടെ തീരത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള ഷോളയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്.
വലിയ ഡാമുകളില്‍ നിലവില്‍ ആശങ്കയുടെ സാഹചര്യമില്ല. എങ്കിലും പരമാവധി സംഭരണ ശേഷിയിലക്ക് എത്തിക്കാതെ ക്രമീകരണം തുടരാനാണ് നിലവിലെ തീരുമാനം. ഇടുക്കിയില്‍ ഇടവിട്ട് ശക്തമായ മഴ ഇപ്പോഴും തുടരുന്നുണ്ട്.

ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് നിയന്ത്രണ വിധേയമാണ്. രാത്രി കാര്യമായ മഴ പെയ്തില്ല. പെരിങ്ങല്‍കുത്തില്‍ നിന്ന് അധിക ജലം വന്നിട്ടും ജലനിരപ്പ് വലിയതോതില്‍ ഉയര്‍ന്നില്ല. പെരിയാര്‍ നദിയില്‍ ജലനിരപ്പ് അപകടവസ്ഥയിലേക്ക് എത്താത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു. തൊടുപുഴയില്‍ മഴ കുറഞ്ഞു. മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വണ്ണപ്പുറത്ത് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Exit mobile version