Pravasimalayaly

സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ല നന്ദി കാണിക്കേണ്ടത്, ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി

ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്ന പിന്നാലെ എതിര്‍പ്പുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം രംഗത്ത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് ഉമയുടെ സ്ഥാനാര്‍ത്ഥിത്വമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ പറഞ്ഞു. പി.ടി തോമസിനോട് നന്ദി കാണിക്കേണ്ടത് ഭാര്യക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയല്ലെന്നുമാണ് വിമര്‍ശനം. സെമി കേഡര്‍ എന്ന പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും എം ബി മുരളീധരന്‍ കുറ്റപ്പെടുത്തി.പി. ടി തോമസിന്റെ ഭാര്യയെ കുറ്റംപറയുന്നില്ല. പാര്‍ട്ടി നേതൃത്വം ആലോചിക്കാതെയെടുത്ത തീരുമാനമാണ്. സെമി കേഡര്‍ സിസ്റ്റത്തിലേക്ക് പോകാനുള്ള നീക്കമാണല്ലോ. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന രീതിയാണോ ഇതെന്ന് സംശയിക്കുന്നതായും എം ബി മുരളീധരന്‍ പറഞ്ഞു.

അതേസമയം കെ.വി.തോമസ് തന്നെ എതിര്‍ത്ത് പറയില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പറഞ്ഞു. കെ.വി.തോമസ് ഞങ്ങളെ എന്നും ചേര്‍ത്ത് പിടിച്ചിട്ടേയുളളൂ. കെ.വി.തോമസുമായി സംസാരിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉമ തോമസ് പറഞ്ഞു. പി.ടി.തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച ശേഷം പ്രചാരണം തുടങ്ങിയ ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം പറഞ്ഞത്.

ഇന്നലെയാണ് ഉമ തോമസിനെ തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപനം വന്നത്. അന്തരിച്ച തൃക്കാക്കര എംഎല്‍എ പി.ടി.തോമസിന്റെ ഭാര്യയാണ് ഉമ തോമസ്. യുഡിഎഫ് സ്ഥാനാര്‍ഥിയായി കെപിസിസി നിര്‍ദേശിച്ച ഉമ തോമസിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിക്കുകയായിരുന്നു.

Exit mobile version