Pravasimalayaly

സിപിഐഎമ്മിനെതിരെ പ്രവര്‍ത്തിച്ചത് പ്രകോപനമായി; ദീപുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ കാരണവുമുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം. സിപിഐഎമ്മിനെതിരെ ദീപു പ്രവര്‍ത്തിച്ചത് പ്രകോപനമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതികള്‍ ജാമ്യഹര്‍ജി നല്‍കിയതിന് പിന്നാലെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സൈനുദ്ദീന്‍, അബ്ദുള്‍ റഹ്മാന്‍, ബഷീര്‍, അനീസ് എന്നിവരാണ് കേസിലെ പ്രതികള്‍.

കിഴക്കമ്പലത്ത് വിളക്കണച്ച് പ്രതിഷേധിക്കുന്ന സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് സിപിഐഎം പ്രവര്‍ത്തകര്‍ കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ ദീപുവിനെ മര്‍ദിച്ചത്. തുടര്‍ന്ന് ദീപുവിന് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 12നാണ് ദീപുവിന് മര്‍ദനമേറ്റത്. സംഭവത്തില്‍ സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് രംഗത്തെത്തിയിരുന്നു. എംഎല്‍എ പി വി ശ്രീനിജന് ദീപുവിന്റെ മരണത്തില്‍ പങ്കുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. പ്രതികള്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീപു ട്വന്റി20 പ്രവര്‍ത്തനം നടത്തിയതിനാലാണ് വിരോധമെന്നും എഫ്‌ഐആറില്‍ പറയുന്നു. ദീപുവിനെ ഏറ്റവും കൂടുതല്‍ മര്‍ദ്ദിച്ചത് സൈനുദീനാണ്. തടയാന്‍ ശ്രമിച്ച വാര്‍ഡ് മെമ്പര്‍ക്ക് നേരെയും പ്രതികള്‍ തിരിഞ്ഞു. നിഷ അലിയാരെ അസഭ്യം പറഞ്ഞുവെന്നും എഫ്‌ഐആറില്‍ പറയുന്നു

Exit mobile version