കൊച്ചി: ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ എഫ്.ഐ.ആര്‍. പുറത്ത്. ട്വന്റി20 യില്‍ പ്രവര്‍ത്തിച്ചതിന്റെ വിരോധമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. പ്രതികള്‍ സി.പി.എം. പ്രവര്‍ത്തകരാണെന്നും കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്.ഐ.ആറിലുണ്ട്.ട്വന്റി20 യുടെ പഞ്ചായത്ത് അംഗവും പരാതിക്കാരിയുമായ നിഷ അലിയാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്.ഐ.ആര്‍. തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ സൈനുദ്ദീന്‍ ദീപുവിന്റെ കഴുത്തിന് പിടിച്ചെന്നും താഴെവീണ ദീപുവിന്റെ തലയില്‍ ഇയാള്‍ പലതവണ ചവിട്ടിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഈ സമയം മറ്റുപ്രതികള്‍ ദീപുവിന്റെ ശരീരത്തില്‍ മര്‍ദിക്കുകയായിരുന്നു. പരാതിക്കാരിയായ നിഷ അലിയാരെ പ്രതികള്‍ അസഭ്യം പറഞ്ഞതായും എഫ്.ഐ.ആറിലുണ്ട്.കഴിഞ്ഞ ശനിയാഴ്ചയാണ് വിളക്കണയ്ക്കല്‍ സമരത്തിനിടെ സിപിഎം പ്രവര്‍ത്തകരായ നാലുപേര്‍ ദീപുവിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചത്. പഴങ്ങനാട്ട് സ്വകാര്യ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും ചികിത്സയിലായിരുന്ന ദീപു വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. കേസില്‍ സിപിഎം പ്രവര്‍ത്തകരായ പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ദീപുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നായിരുന്നു ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററായ സാബു എം. ജേക്കബിന്റെ ആരോപണം. ആക്രമണത്തിന് മുമ്പും ശേഷവും പ്രതികള്‍ പി.വി.ശ്രീനിജന്‍ എം.എല്‍.എ.യുമായി ബന്ധപ്പെട്ടിരുന്നതായും കൊലക്കേസിലെ ഒന്നാംപ്രതി എം.എല്‍.എ.യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.