എന്റെ മകനെ കൊല്ലുമെന്ന് അവര്‍ പറഞ്ഞു, കണ്‍മുന്നില്‍ വച്ച് അവനെ മര്‍ദിച്ചു; ദീപുവിന്റെ പിതാവ്

0
320

കൊച്ചി: കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപുവിന് വധഭീഷണി ഉണ്ടായിരുന്നതായി പിതാവ്. “കൊല്ലുമെന്ന് പറഞ്ഞ് എന്റെ മകനെ ഭീഷണിപ്പെടുത്തിയിരുന്നു. ഞങ്ങളുടെ കണ്‍മുന്നില്‍ വച്ച് അവനെ മര്‍ദിച്ചു. പിടിച്ചു മാറ്റാന്‍ ശ്രമിച്ചിട്ടും മര്‍ദനം തുടര്‍ന്നു. നിന്റെ അച്ഛനെ ഓര്‍ത്താണ് കൊല്ലാതെ വിടുന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്. ആശുപത്രിയില്‍ ചികിത്സ തേടാന്‍ ശ്രമിച്ചപ്പോഴും ഭീഷണിയുണ്ടായിരുന്നു. കൊല്ലുമെന്ന ഭയം കൊണ്ടാണ് അവനെ ആശുപത്രിയില്‍ വിടാതിരുന്നത്,” ദിപൂവിന്റെ പിതാവ് പറഞ്ഞു.

അതേസമയം, ദീപുവിന്റെ സംസ്കാര ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റക്സ് ഉടമ സാബു എം. ജേക്കബ് ഉള്‍പ്പെടെ ആയിരത്തോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊലീസിന്റെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. “പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും, മുന്‍ എംഎല്‍എ, വി.പി. സജീന്ദ്രനും സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു. അവര്‍ക്കെതിരെ കേസെടുക്കാന്‍ ധൈര്യമുണ്ടോ. എന്നെ മാനസികമായി തളര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേസ്,” സാബു വ്യക്തമാക്കി.

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ സ്ട്രീറ്റ് ലൈറ്റുകൾ പുതുക്കുന്നതിനുള്ള ‘സ്ട്രീറ്റ് ലൈറ്റ്’ ചലഞ്ച് പദ്ധതിയെ എംഎൽഎ പി. വി. ശ്രീനിജന്‍ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടത്തിയ വിളക്കണയ്ക്കല്‍ സമരത്തിനിടെയായിരുന്നു ദീപുവിന് മര്‍ദനേറ്റത്. മർദ്ദനമേറ്റ് ചികിത്സയിൽ കഴിയവെ വെള്ളിയാഴ്ചയാണ് ദീപുവിന്റെ മരണം സംഭവിച്ചത്.

തലയോട്ടിയിലേറ്റ ക്ഷതമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ദീപുവിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. തലയോട്ടിക്ക് പുറകിൽ രണ്ടിടത്താണ് ക്ഷതമേറ്റിട്ടുള്ളത്. തലച്ചോറില്‍ രക്തം കട്ടപിടച്ചതും കരള്‍ രോഗവും ജീവന്‍ നിലനിര്‍ത്തുന്നതില്‍ പ്രതികൂലമായി. ക്ഷതമേറ്റതിനെ തുടര്‍ന്ന് രക്തധമനികളിൽ പൊട്ടൽ ഉണ്ടായത് കരള്‍ രോഗത്തെ തുടര്‍ന്നാണെന്നുമാണ് പ്രാഥമിക നിഗമനം.

സംഭവത്തിൽ സിപിഎം കാവുങ്ങല്‍പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍ (36), പാറാട്ടുവീട്ടില്‍ സൈനുദ്ദീന്‍ സലാം (27), നെടുങ്ങാടന്‍ ബഷീര്‍ (36), വലിയപറമ്പില്‍ അസീസ് (42) എന്നിവരെ കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാല് പേര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

Leave a Reply