Pravasimalayaly

അഗ്‌നിപഥ് പദ്ധതി വിശദമായ കൂടിയാലോചന നടത്തി പ്രഖ്യാപിച്ചത്, രാഷ്ട്രീയ കാരണങ്ങളാവാം ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കു പിന്നിലെന്ന് രാജ്നാഥ് സിങ്

അഗ്‌നിപഥ് പദ്ധതിക്കെതിരെ പരക്കുന്ന തെറ്റിദ്ധാരണകള്‍ക്കു പിന്നില്‍ രാഷ്ട്രീയകാരണങ്ങളാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മുന്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുമായി വിശദമായ കൂടിയാലോചന നടത്തിയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് രാജ്നാഥ് സിങ് പറഞ്ഞു.സൈനിക റിക്രൂട്ട്മെന്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് പദ്ധതി. അഗ്‌നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവര്‍ക്കുള്ള പരിശീലനത്തിന്റെ ഗുണനിലവാരത്തില്‍ ഒരുവിധത്തിലുള്ള വീഴ്ചയും ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു.

അഗ്‌നിപഥ് പുതിയ പദ്ധതിയാണ്. അതുകൊണ്ടുതന്നെ ജനങ്ങള്‍ക്കു ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവാം. രണ്ടു വര്‍ഷത്തെ കൂടിയാലോചനകള്‍ക്കു ശേഷമാണ് പദ്ധതിക്കു രൂപം നല്‍കിയത്. മുന്‍ സൈനികര്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് സമവായത്തിലെത്തിയിരുന്നെന്ന് മന്ത്രി പറഞ്ഞു.

രാഷ്ട്രീയ കാരണങ്ങളാവാം ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്കു കാരണം. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും രാഷ്ട്രീയം രാജ്യത്തിനു വേണ്ടിയാവണമെന്ന് രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. സൈനികരുടെ ആത്മവിശ്വാസം ചോര്‍ത്തുന്ന നടപടികള്‍ ഉണ്ടാവരുത്. അഗ്‌നിപഥ് പദ്ധതി പ്രകാരം സൈന്യത്തില്‍ ചേരുന്നവര്‍ക്കു നാലു വര്‍ഷം കഴിഞ്ഞാല്‍ മറ്റു സര്‍ക്കാര്‍ ജോലികളില്‍ മുന്‍ഗണന ലഭിക്കും. സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും ഇവര്‍ക്കു നിയമനത്തില്‍ മുന്‍ഗണന നല്‍കും.സേവനകാലാവധി കഴിയുമ്പോള്‍ 11.71 ലക്ഷം രൂപയാണ് അഗ്‌നിവീരര്‍ക്കു ആനുകൂല്യമായി നല്‍കുക. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ഇവര്‍ക്കു കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കുന്നതും പരിഗണിക്കും- രാജ്നാഥ് സിങ് പറഞ്ഞു.

Exit mobile version