‘ആസാദ് കശ്മീർ’ പരാമർശം; ജലീലിനെതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് കോടതി

0
25

ആസാദ് കശ്മീർ പരാമർശത്തിൽ മുൻമന്ത്രി കെ ടി ജലീലിന് എതിരെ കേസെടുക്കണമെന്ന് ഇതുവരെ ഉത്തരവ് ഇട്ടിട്ടില്ലെന്ന് ഡൽഹി റോസ് അവന്യൂ കോടതി. കെ ടി ജലീലിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് പറ്റിയ തെറ്റാണെന്ന് പരാതിക്കാരൻ ജി എസ് മണി കോടതിയെ അറിയിച്ചു.

സംഭവത്തിൽ പരാതിക്കാരൻ നിരുപാധികം മാപ്പ് ചോദിച്ചു. ഉത്തരവ് കൈവശം കിട്ടിയ ശേഷമേ റിപ്പോർട്ട് ചെയ്യാവൂവെന്ന് മാധ്യമങ്ങളോട് കോടതി നിർദ്ദേശിച്ചു. പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ജലീലിൻറെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, ജലീലിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് വിധി പറയും. ജലീലിൻറെ വാദവും ഇന്ന് കോടതി കേട്ടു. ഉത്തരവ് പറയും മുമ്പ് തൻറെ വാദം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ജലീൽ അപേക്ഷ നൽകിയിരുന്നു.

കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് കുറിപ്പിലെ ‘ഇന്ത്യ അധീന കശ്മീർ’, ‘ആസാദ് കാശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. വിവാദ ഫേസ്ബുക്ക് പോസ്റ്റിൽ ജലീലിനെതിരെ നേരത്തെ പത്തനംതിട്ട കീഴ്വായ്പ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. 
 

Leave a Reply