മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാത്രി ഏഴു മണിക്ക് ദർബാർ ഹാളിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ. ശിവസേന വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ ഉപമുഖ്യമന്ത്രിയാവും. ഇരുവരും രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. മൂന്നാം തവണയാണ് ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്.
നേരത്തെ ഗോവയില്‍ നിന്ന് മുംബൈയിലെത്തിയ വിമത ശിവസേന നേതാവ് ഏക്നാഥ് ഷിന്‍ഡെ ദേവേന്ദ്ര ഫഡ്നാവിസിനെ വസതിയിലെത്തി സന്ദര്‍ശിച്ചു. ഇതിനുശേഷമാണ് ഇരുവരും ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണാൻ രാജ്ഭവനിലേക്ക് പോയത്. ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത ശിവസേനയ്ക്ക് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനം കൂടാതെ, 12 മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായാണ് സൂചന.
ഫഡ്‌നാവിസും ഷിന്‍ഡെയും മാത്രമാകും ആദ്യഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുക. തുടര്‍ന്ന് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടത്തും. നിയമസഭ വിപ്പിനെയും തെരഞ്ഞെടുത്ത്, സഭയില്‍ വിശ്വാസ വോട്ടും തേടിയശേഷമാകും മന്ത്രിസഭാ വികസനം ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍.