ഇടുക്കി മൂന്നാറില്‍ പണിമുടക്കിനെതിരെ ദേവികുളം എംഎല്‍എ എ.രാജയ്ക്ക് പൊലീസ് മര്‍ദനം. പണിമുടക്ക് യോഗത്തില്‍ സംസാരിക്കാനെത്തിയതായിരുന്നു എംഎല്‍എ. വാഹനങ്ങള്‍ തടയുന്നതിനിടെ പൊലീസുമായുണ്ടായ ഉന്തും തള്ളിനുമിടയിലാണ് എംഎല്‍എയ്ക്ക് മര്‍ദനമേറ്റത്. പൊലീസാണ് മര്‍ദിച്ചതെന്നാണ് പരാതി.
പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് എംഎല്‍എ ഉന്നയിച്ചത്. പൊലീസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു. മൂന്നാര്‍ എസ്എഐ ഉള്‍പ്പെടെയുള്ളവരാണ് മര്‍ദിച്ചതെന്ന് എംഎല്‍എ പറഞ്ഞു.
പണിമുടക്കിന്റെ ഭാഗമായി സമരാനുകൂലികള്‍ മൂന്നാറില്‍ നടത്തിയ യോഗത്തില്‍ സംസാരിച്ചത് എ രാജയായിരുന്നു. പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്‍പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ തടയാന്‍ സമരക്കാര്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഇടപെട്ടു. തുടര്‍ന്നാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങളെത്തിയത്.