Pravasimalayaly

പോലീസുകാര്‍ ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ വാടക ഈടാക്കും; മുന്നറിയിപ്പുമായി ഡി.ജി.പി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക സിംകാര്‍ഡുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ വാടക ഈടാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി സംസ്ഥാന പോലീസ് മേധാവി. പോലീസിന് നല്‍കിയിട്ടുള്ള ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സിയുജി) സിം കാര്‍ഡുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും ഡി.ജി.പി അനില്‍കാന്ത് പുറത്തിറക്കി. സര്‍ക്കാര്‍ പണം നല്‍കുന്ന ഔദ്യോഗിക സിംകാര്‍ഡ് ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

സ്ഥലം മാറിപ്പോവുകയോ ഡെപ്യൂട്ടേഷനില്‍ പോവുകയോ ചെയ്യുന്ന എസ്എച്ചഒ, പ്രിന്‍സിപ്പല്‍ എസ്ഐ, തുടങ്ങിയ ഉദ്യോഗസ്ഥര്‍ പകരം വരുന്ന ഉദ്യോഗസ്ഥന് സിംകാര്‍ഡ് കൈമാറണം. മറ്റ് ഉദ്യോഗസ്ഥര്‍ക്ക് അതത് ജില്ലകളില്‍ തന്നെയാണ് സ്ഥലം മാറ്റമെങ്കില്‍ നിലവിലുള്ളത് ഉപയോഗിക്കാം. മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് ഒരോ തസ്തികയ്ക്കുമാണ് സിയുജി സിംകാര്‍ഡ് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ സ്ഥലംമാറുമ്പോള്‍ ആ തസ്തികയില്‍ പകരം വരുന്നയാള്‍ക്ക് സിംകാര്‍ഡ് കൈമാറണം.

ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ യൂണിറ്റ് മേധാവികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ സിം കാര്‍ഡ് ഉള്ളവര്‍ മറ്റൊരു ജില്ലയിലേക്ക് മാറിപ്പോയാലും മടക്കിനല്‍കാത്ത അവസ്ഥയുമുണ്ട്. സിം വാങ്ങി ഉപേക്ഷിച്ചവരുമുണ്ട്. പൊലീസ് സ്റ്റേഷനുകളിലെല്ലാം സിം കാര്‍ഡ് വിതരണംചെയ്തതിന്റെ രജിസ്റ്റര്‍ സൂക്ഷിക്കണം. വിരമിക്കുന്നവര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നതിന് മുമ്പ് സിം തിരികെ ഏല്‍പ്പിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കണം.

Exit mobile version