മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിൽ കോവിഡ്. ശിഖർ ധവാൻ, ശ്രേയസ് അയ്യരും അടക്കം നാല് താരങ്ങൾക്കും മൂന്ന് സപ്പോർട്ടിങ് സ്റ്റാഫുകൾക്കും രോഗം സ്ഥിരീകരിച്ചു.
ധവാനും ശ്രേയസിനും പുറമെ ഋതുരാജ് ഗെയ്ക്‌വാദും റിസർവ് താരമായ നവദീപ് സൈനിയുമാണ് പോസിറ്റീവായത് എന്നാണ് ഇന്ത്യൻ എക്സ്പ്രസിന് ലഭിക്കുന്ന വിവരം.
ജനുവരി 31, ഫെബ്രുവരി ഒന്ന്, ഫെബ്രുവരി രണ്ട് തീയതികളിൽ ബിസിസിഐ താരങ്ങൾക്ക് ആർടി-പിസിആർ പരിശോധന നടത്തിയിരുന്നു. ആദ്യ പരിശോധനയിൽ ധവാനും സെയ്നിയും പോസിറ്റീവ് ആയെന്നും പിന്നീടുള്ള ദിവസങ്ങളിൽ ഗെയ്‌ക്‌വാദിനും അയ്യർക്കും രോഗ ബാധ സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് വിവരം.
മേൽപ്പറഞ്ഞ താരങ്ങൾക്ക് പകരക്കാരെ പ്രഖ്യാപിക്കുമോ അതോ കുറച്ച് ദിവസങ്ങൾ കൂടി ബിസിസിഐ കാത്തിരിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. ബയോ ബബിളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇന്ത്യൻ ടീം മൂന്ന് ദിവസത്തെ ക്വാറന്റൈനിൽ കഴിയേണ്ടതായിരുന്നു.
ടീം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നതിനുമുമ്പ് ജനുവരി 28 ന് ആർടി-പിസിആർ പരിശോധന നടത്താൻ ബിസിസിഐ കളിക്കാരോടും സപ്പോർട്ട് സ്റ്റാഫുകളോടും നിർദ്ദേശിച്ചിരുന്നു.
രോഗബാധിതരായ കളിക്കാരും മൂന്ന് സപ്പോർട്ട് സ്റ്റാഫ് അംഗങ്ങളും ഐസൊലേഷനിൽ ആണെന്നും. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും പകരം ആളെ ആവശ്യമുണ്ടോയെന്ന് പരിശോധിക്കുമെന്നും ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു.
ടി20 ടീമിലുള്ള അക്‌സർ പട്ടേലും പോസിറ്റീവ് ആന്നെന്നാണ് വിവരം. എന്നാൽ അക്‌സർ ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ല.