Pravasimalayaly

ധീരജ് വധക്കേസ്: പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും, പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും

തൊടുപുഴ: ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെയും ഒപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടെയും അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ജ്യുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസ് തീരുമാനം. ഇതിനായി കസ്റ്റഡി അപേക്ഷയും സമർപ്പിക്കും. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. കെ.എസ്.യു യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേർ നിലവിൽ പൊലീസ് കസ്റ്റഡിയിൽ ഉണ്ട്.ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നാണ് വിവരം.

ധീരജിനെ കുത്തി കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമാണെന്നാണ് എഫ്ഐആർ. പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്‌പി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിഖിൽ പൈലിയും ജെറിന്‍ ജോജോയും ഒപ്പം കണ്ടാൽ അറിയുന്ന നാല് പേരും ഉൾപ്പെടെ ആറ് പേരെയാണ് എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നത്.

അതേസമയം, ഇന്നലെ അർധരാത്രിയോടെ ജന്മനാട്ടിലെത്തിച്ച ധീരജിന്റെ മൃതദേഹം സംസ്‌കരിച്ചു. ധീരജിന്റെ വീടിനു സമീപം സിപിഎം വാങ്ങിയ ഭൂമിയിലായിരുന്നു സംസ്‌കാരം. പുലർച്ചെ പന്ത്രണ്ടരയോടെ തളിപ്പറമ്പ് സിപിഎം ഓഫീസിൽ എത്തിച്ച മൃതദേഹം അവിടെ പൊതുദർശനത്തിന് വെച്ച ശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്. രാത്രി ഏറെ വൈകിയും നിരവധി ആളുകളാണ് പ്രിയസഖാവിനെ ഒരു നോക്ക് കാണാൻ എത്തിച്ചേർന്നത്. മന്ത്രി എം വി ഗോവിന്ദൻ, ഡി വൈ എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് എ. എ റഹീം, ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങി നിരവധി നേതാക്കൾ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.

Exit mobile version