Pravasimalayaly

ഭീഷണിപ്പെടുത്തി പല തവണയായി 10 ലക്ഷം രൂപ വാങ്ങി,ബാലചന്ദ്രകുമാറിനെതിരെ ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ നടന്‍ ദിലീപ്. ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തി പല തവണയായി 10 ലക്ഷം രൂപ വാങ്ങിയെന്ന് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ബാലചന്ദ്രകുമാര്‍ വിശ്വാസയോഗ്യമായ സാക്ഷിയല്ലെന്നും ദിലീപ് കുറ്റപ്പെടുത്തുന്നു. 

ജാമ്യത്തിനായി നെയ്യാറ്റിന്‍കര ബിഷപ്പിന്റെ സഹായം തേടാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. നെയ്യാറ്റിന്‍കര ബിഷപ്പുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു. കേസില്‍ ബിഷപ്പിനെ ഇടപെടീക്കാമെന്നും, മുഖ്യമന്ത്രി അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബിഷപ്പിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. 

ഇതിന് ബിഷപ്പിന് അടക്കം പണം നല്‍കേണ്ടതുണ്ടെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. പിന്നീട് താന്‍ ആവശ്യപ്പെട്ടതു പ്രകാരം നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞതായും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. പിന്നീട് ബാലചന്ദ്രകുമാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് പണം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ശത്രുതയായി. 

തന്റെ സിനിമയില്‍ അഭിനയിക്കണമെന്ന ആവശ്യം നിരസിച്ചതും ശത്രുത കൂട്ടി. തന്റെ പടത്തില്‍ അഭിനയിച്ചില്ലെങ്കില്‍ ദീലീപിന്റെ ജാമ്യം റദ്ദാക്കിക്കുമെന്നും, ദിലീപിനെതിരായ കാര്യങ്ങള്‍ എഡിജിപി സന്ധ്യയോട് വെളിപ്പെടുത്തുമെന്നും ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. ബാലചന്ദ്രകുമാര്‍ തന്റെ ശബ്ദം റെക്കോഡ് ചെയ്തു എന്ന് പറയപ്പെടുന്ന ടാബ് ഇതുവരെ അന്വേഷണസംഘം കണ്ടെടുത്തിട്ടില്ല. 

അത് ഉപയോഗശൂന്യമായ അവസ്ഥയിലാണെന്നാണ്  അന്വേഷണസംഘം പറയുന്നത്. ടാബില്‍ നിന്നും ലാപ്‌ടോപ്പിലേക്ക് റെക്കോഡ് ചെയ്ത വോയ്‌സ് റെക്കോഡുകളാണ് കണ്ടെത്തിയതെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. ഇതുതന്നെ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. 

അതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെയും കസ്റ്റംസ് ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.  കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ പ്രതികളെ വേവ്വെറെയാണ് ചോദ്യം ചെയ്യുന്നത്. ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ നായരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. ദിലീപ് അടക്കമുള്ള പ്രതികളെ തുടര്‍ച്ചയായ മൂന്നു ദിവസം ചോദ്യം ചെയ്യാനാണ് ഹൈക്കോടതി ക്രൈംബ്രാഞ്ചിന് അനുമതി നല്‍കിയിട്ടുള്ളത്. 

Exit mobile version