Pravasimalayaly

അനിയനും അളിയനും ഒപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഡാലോചനയാകും?; എഫ്‌ഐആര്‍ ചോദ്യം ചെയ്ത് ദിലീപ്

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ ഹൈക്കോടതി പരിശോധിച്ചു. കേസില്‍ എഫ്‌ഐആര്‍ ചോദ്യം ചെയ്ത ദിലീപ്, ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളതെന്ന് കോടതിയില്‍ ചൂണ്ടിക്കാട്ടി.

കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വിശ്വസിക്കരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ദുല്‍ബലമാണ്. അന്വേഷണ ഉദ്യോഗസ്ഥന്റെ കത്ത് മാത്രമാണ് കേസിന്റെ അടിസ്ഥാനമെന്നും ദിലീപ് ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.

വിഡിയോ പ്ലേ ചെയ്ത് ‘നിങ്ങള്‍ അനുഭവിക്കുമെന്ന് പറഞ്ഞത് ഗൂഢാലോചനയുടെ ഭാഗമല്ലെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. ചിലരുടെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങള്‍ മാത്രമാണ് എഫ്‌ഐആറിലുള്ളത്. തന്നെ ഒരുദ്യോഗസ്ഥനും ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്തതും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അനിയനും അളിയനും ഒപ്പം വീട്ടിലിരുന്ന് പറഞ്ഞതെങ്ങനെ ഗൂഡാലോചനയാകും?

ബാലചന്ദ്രകുമാറിന്റെ വിഡിയോ റെക്കോഡിങിലും പ്രതിഭാഗം സംശയമുന്നയിച്ചു. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്‌തെന്ന് പറയുന്ന ടാബ് എവിടെയെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ചോദിച്ചു. റെക്കോഡുകളെല്ലാം കെട്ടിച്ചമയച്ചതാണെന്നും പ്രതിഭാഗം ആരോപിച്ചു. നടിയെ ആക്രമിച്ച കേസില്‍ പരാജയപ്പെടുമെന്ന് ഉറപ്പായതോടെ പുതിയ കേസ് കെട്ടിച്ചമച്ചതാണ്. പള്‍സര്‍ സുനിയില്‍ നിന്ന് ഒന്നും ലഭിക്കാത്തതിനാല്‍ ബാലചന്ദ്രകുമാറിന്റെ മൊഴി വളച്ചൊടിക്കുകയാണ് അന്വേഷണ സംഘമെന്നും ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയില്‍ വാദിച്ചു.

Exit mobile version