Pravasimalayaly

അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി; ദിലീപിനെതിരെ പുതിയ കേസ്, വധഭീഷണി മുഴക്കല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ പുതിയ കേസ്. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിനാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത് . വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ബാലചന്ദ്ര കുമാറിൻ്റെ മൊഴിയുടേയും ഓഡിയോ ടേപ്പിൻ്റെയും അടിസ്ഥാനത്തിലാണ് നടപടി.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി.സന്ധ്യ, എ.വി. ജോർജ്, കെ.എസ്.സുദർശൻ, എം.ജെ. സോജൻ., ബൈജു.കെ. പൗലോസ് എന്നിവർക്കെതാരെ ദിലീപും സഹോദരനും സഹോദരി ഭർത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

കേസില്‍ ഒന്നാം പ്രതി ദിലീപും രണ്ടാം പ്രതി സഹോദരന്‍ അനൂപുമാണ്. മൂന്നാം പ്രതി ദിലീപിന്റെ ഭാര്യാസഹോദരനായ സുരാജാണ്. നാലാം പ്രതി അപ്പു അഞ്ചാം പ്രതി ബാബു ചെങ്ങമനാട്, ആറാം പ്രതിയായി കണ്ടാലറിയാവുന്ന ഒരാള്‍ എന്നാണ് എഫ്.ഐ.ആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുദർശൻ്റെ കൈവെട്ടുമെന്നും ബൈജു പൗലോസിന് വണ്ടി ഇടിപ്പിക്കുമെന്നൊക്കെയാണ് ക്ലിപ്പിലെ പരാമർശങ്ങൾ എന്നാണ് റിപ്പോർട്ട്. ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിനെ തുടർന്ന് പൊലീസ് കേസിൽ പുനരന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി കുറഞ്ഞ സമയാണ് അനുവദിച്ചിട്ടുള്ളത്. മുന്നു സംഘമായി തിരിച്ചാണ് ഊർജിത അന്വേഷണം. ഈ മാസം 20ന് മുൻപ് പ്രാഥമിക റിപോർട്ട് നൽകും.

Exit mobile version