കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴി പരിശോധിക്കേണ്ടതുണ്ടെന്ന് ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി പറഞ്ഞു. മൊഴി മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ അറിയിച്ചു. ചൊവ്വാഴ്ച വരെ അറസ്റ്റ് പാടില്ലെന്ന് കോടതി വാക്കാൽ നിർദേശിച്ചു. അറസ്റ്റ് ചെയ്യില്ലെന്ന് ഡിജിപിയും വ്യക്തമാക്കി. മൊഴി പഠിച്ച ശേഷം കേസ് കേൾക്കുന്നതാവും ഉചിതമെന്ന് കോടതി അഭിപ്രായപ്പെട്ടു.
സെർച്ച് വാറണ്ട് പ്രകാരമാണ് പ്രതികളുടെ വീടുകളിൽ ഇന്നലെ റെയ്ഡ് നടത്തിയതെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ജസ്റ്റിസ് ഗോപിനാഥ് പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ മെനഞ്ഞെടുത്ത കഥയാണ് പുതിയ ആരോപണങ്ങൾക്ക് പിന്നിലെന്നും ഇതിന്റെ ഭാഗമാണ് പുതിയ വെളിപ്പെടുത്തലുകളെന്നുമാണ് പ്രതികളുടെ വാദം.
ഉദ്യോഗസ്ഥർക്കെതിരെ വധ ഭീഷണി മുഴക്കിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് ദിലീപ്, സഹോദരൻ ശിവകുമാർ (അനുപ്), സഹോദരീ ഭർത്താവ് സുരാജ് എന്നിവർ കോടതിയെ സമീപിച്ചത്. തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസിൽ കുടുക്കിയിരിക്കുകയാണെന്നുമാണ് ഹർജിയിലെ ആരോപണം.
പൊലീസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും സാധ്യതയുണ്ടെന്നും അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ദിലീപ് കേസിൽ ഒന്നാം പ്രതിയാണ്.