വീണ്ടും വിലങ്ങ് വീഴുമോ എന്ന് ഭയം, മുന്‍കൂര്‍ ജാമ്യം തേടി ദിലീപ്

0
313

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ വധഭീഷണി മുഴക്കിയ കേസില്‍ ദിലീപ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തു. ദിലീപിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷ. ദിലീപിന്റെ സഹോദരൻ ശിവകുമാർ, സഹോദരി ഭർത്താവ് സുരാജ് എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജി കോടതി നാളെ പരിഗണിക്കും.

തങ്ങൾക്കെതിരെ പൊലീസ് കള്ളക്കേസെടുത്തിരിക്കുകയാണന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് ദുഷ്ടലാക്കോടെ കേസിൽ കുടുക്കിയിരിക്കുകയാണെന്നും ഹർജിയിൽ പറയുന്നു. പൊലീസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതവും വാസ്തുതാ വിരുദ്ധവുമാണ്. അറസ്റ്റ് ചെയ്യാനും ജയിലിൽ അടക്കാനും സാധ്യതയുണ്ട്. അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ദിലീപ് കേസിൽ ഒന്നാം പ്രതിയാണ്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥരായ ബി. സന്ധ്യ, എ.വി. ജോർജ്, കെ.എസ്. സുദർശൻ, എം.ജെ. സോജൻ, ബൈജു കെ. പൗലോസ് എന്നിവർക്കെതിരെ ദിലീപും സഹോദരനും സഹോദരി ഭർത്താവും വധഭീഷണി മുഴക്കുന്ന ഓഡിയോ ക്ലിപ്പാണ് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് ഉദ്യോഗസ്ഥർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ്.

സുദർശന്റെ കൈവെട്ടുമെന്നും ബൈജു പൗലോസിനെ വണ്ടി ഇടിപ്പിക്കുമെന്നൊക്കെയാണ് ക്ലിപ്പിലെ പരാമർശങ്ങൾ. വധഭീഷണി മുഴക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ബാലചന്ദ്ര കുമാറിൻ്റെ മൊഴിയുടേയും ഓഡിയോ ടേപ്പിന്റേയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

Leave a Reply