Saturday, November 23, 2024
HomeNewsKeralaദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കുറ്റാരോപിതന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷകളില്‍ ഹൈക്കോടതി ഇന്ന് നേരിട്ട് വാദം കേള്‍ക്കും. അവധി ദിനമായ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് കോടതി കേസ് പരിഗണിക്കുന്നത്. ദിലീപിനെതിരെ ഗൂഢാലോചനയ്ക്ക് പുറമെ കൊലപാതകം ലക്ഷ്യം വച്ചുള്ള ഗൂഢാലോചന വകുപ്പും ക്രൈംബ്രാഞ്ച് പുതുതായി ചുമത്തിയിട്ടുണ്ട്.

മറ്റേത് കേസിനെക്കാളും പ്രാധാന്യം ഉള്ളതുകൊണ്ടല്ല വാദത്തിന് അധിക സമയം വേണമെന്നതു കൊണ്ടാണ് കേസ് മാറ്റുന്നതെന്ന് ജസ്റ്റിസ് പി.ഗോപിനാഥ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ദിലീപ്, സഹോദരൻ ശിവകുമാർ (അനൂപ്), സഹോദരി ഭർത്താവ് ടി.എന്‍.സൂരജ്, മറ്റു പ്രതികളായ ബി.ആർ.ബൈജു, ആർ.കൃഷ്ണപ്രസാദ്, ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത് എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതിയുടെ മുന്നിലുള്ളത്.

സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിൽ, ബാലചന്ദ്രകുമാറിന്റെ മൊഴിയും മറ്റു രേഖകളും മുദ്രവച്ച കവറിൽ പൊലീസ് കോടതിക്ക് കൈമാറും. ഇന്ന് വരെ പ്രതികളുടെ അറസ്റ്റിന് വിലക്കുണ്ട്. മൊഴിപഠിച്ച ശേഷം കേസ് കേൾക്കുന്നതാവും ഉചിതമെന്ന് കോടതി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനായി കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ദിലീപ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. എന്നാല്‍ തെളിവുകളെല്ലാം ശേഖരിച്ചശേഷമാണ് ദിലീപിനെ കേസില്‍ പ്രതി ചേര്‍ത്തതെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. ദിലീപുള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ക്രൈംബ്രാഞ്ച് സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസിലെ മുഖ്യ സൂത്രധാരന്‍ നടന്‍ ദിലീപാണന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ലൈംഗിക പീഡനത്തിനു ക്വട്ടേഷന്‍ ചരിത്രത്തിലാദ്യമാണെന്നും അസാധാരണമായ കേസാണിതെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

20 സാക്ഷികള്‍ കൂറുമാറിയതിനു പിന്നില്‍ ദിലീപും കൂട്ടാളികളുമാണ്. ബലാത്സംഗക്കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് സംസ്ഥാന ചരിത്രത്തില്‍ പതിവില്ലാത്ത സംഭവമാണ്. ദിലീപിനെതിരെ തെളിവുണ്ട്. പൊലീസ് പിടിച്ചെടുത്ത പീഡനദൃശ്യങ്ങള്‍ കോടതിക്കു കൈമാറണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. വീഡിയോ ക്ലിപ്പിങ് കേസില്‍ പ്രതിരോധത്തിന് ഉപയോഗിക്കുകയാണു പ്രതിയുടെ ലക്ഷ്യം.

തുടരന്വേഷണത്തില്‍ ഇതുവരെ ലഭിച്ച തെളിവുകള്‍ കണക്കിലെടുത്താല്‍ പ്രതികള്‍ക്കെതിരായ ആരോപണം ഗുരുതരവും സവിശേഷതയുള്ളതുമാണ്. ഗൂഢാലോചന രഹസ്യ സ്വഭാവമുള്ളതായതിനാല്‍ നേരിട്ടു തെളിവ് ലഭിക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ഈ കേസില്‍ ഗൂഢാലോചന നേരില്‍ കണ്ടതിനു സാക്ഷിയുണ്ട്. സാക്ഷി പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയതു കൂടാതെ തെളിവുകളും നല്‍കിയിട്ടുണ്ട്. നേരിട്ടുള്ള മൊഴി കൂടാതെ പ്രതികള്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ ഓഡിയോ ക്ലിപ്പും ലഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments