Pravasimalayaly

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി; കോടതി ഉത്തരവ് മറയാക്കി തെളിവുകള്‍ നശിപ്പിച്ചെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷന്‍ ഹരജിയില്‍ ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു വാദം തുടങ്ങിയത്.

ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതി ഉത്തരവ് മറയാക്കി തെളിവുകള്‍ നശിപ്പിച്ചെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.ദിലീപിന് മറ്റാര്‍ക്കും കിട്ടാത്ത ആനുകൂല്യം കിട്ടിയെന്നും പ്രതി ഉപാധി വെക്കുന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും പ്രതികളുടേത് കുറ്റക്കാരാണെന്ന് തെളിയിക്കുന്ന പെരുമാറ്റമാണെന്നും ഡി.ജി.പി പറഞ്ഞു.

പ്രതിക്ക് ജാമ്യം നല്‍കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും മുന്‍കൂര്‍ ജാമ്യമെന്നല്ല സ്വാഭാവിക ജാമ്യത്തിന് പോലും ദിലീപിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഫോണ്‍ കടത്തിയത് വലിയ തെറ്റാണെന്നും ഫോണ്‍ സൂക്ഷിക്കേണ്ട സ്ഥലം തീരുമാനിക്കേണ്ടത് പ്രതിയല്ലെന്നും ഡി.ജി.പി പറഞ്ഞു.എന്നാല്‍ മാധ്യമവിചാരണയാണ് തനിക്കെതിരെ നടക്കുന്നതെന്നും തനിക്കെതിരായ ഒരു തെളിവുകളും പ്രോസിക്യൂഷന്റെ പക്കല്‍ ഇല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു.

തന്നെ ഒരു ഘട്ടത്തില്‍ അറസ്റ്റു ചെയ്യാന്‍ ഗൂഡാലോചന നടന്നെന്നും കോടതിയെ സമീപിച്ചതുകൊണ്ടാണ് തനിക്ക് അറസ്റ്റില്‍ നിന്നും സംരക്ഷണം ലഭിച്ചതെന്നും ദിലീപ് പറഞ്ഞു.സാധാരണ പൗരന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതുപോലെ തന്നെ തന്റെ ജാമ്യാപേക്ഷയും കണ്ടാല്‍ മതിയെന്നും ഈ കേസില്‍ ഫോണുകള്‍ എത്രത്തോളം നിര്‍ണായമാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ദിലീപ് വാദിച്ചു.

അതേസമയം ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറട്ടെയെന്ന് കോടതി ചോദിച്ചപ്പോള്‍ കോടതിയുടെ സംരക്ഷണയില്‍ ഇരിക്കുകയല്ലേ നല്ലത് എന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ ചോദ്യം. തങ്ങള്‍ക്ക് സംസ്ഥാന പൊലീസിലും ക്രൈംബ്രാഞ്ചിലും വിശ്വാസമില്ലെന്നും തങ്ങളും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ദിലീപ് പറഞ്ഞു.

Exit mobile version