ദിലീപിന്റെ കോള്‍ലിസ്റ്റില്‍ ഡിഐജിയും; സംഭാഷണം നാലരമിനിറ്റ് നീണ്ടു; വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസ് എടുക്കുന്നതിന് തലേന്ന്

0
454

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോള്‍ ലിസ്റ്റില്‍ ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനും. ഡിഐജി സഞ്ജയ്കുമാര്‍ ഗുരുദീനുമായുള്ള സംഭാഷണമാണ് ഡിലീറ്റ് ചെയ്തത്. ഇരുവരും തമ്മിലുള്ള സംഭാഷണം നാലുമിനിറ്റ് നീണ്ടു. ബാലചന്ദ്രകുമാറിന്റെ പരാതിയില്‍ കേസെടുക്കുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു സംഭാഷണം.

ഡിഐജിയുടെ ഫോണില്‍ നിന്ന് ദിലീപിന്റെ ഫോണിലേക്ക് വിളിക്കുകയായിരുന്നു. എന്തുകൊണ്ടാണ് അന്നേദിവസം വൈകുന്നരം ഡിഐജി സഞ്ജയ്കുമാര്‍ വിളിക്കാനുണ്ടായ സാഹചര്യം ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്ന് ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. ഫോണുകള്‍ പരിശോധിച്ച ഫോറന്‍സിക് റിപ്പോര്‍ട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നല്‍കിയ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ട്. തന്റെ വീട്ടിലെ സഹായി ആയിരുന്ന ദാസന്റെ മൊഴി പൊലീസുകാര്‍ പറഞ്ഞു പഠിപ്പിച്ചതാണെന്നും ദിലീപിന്റെ മറുപടിയില്‍ പറയുന്നു. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിലാണ് ദിലീപ് വിശദമായ മറുപടി നല്‍കിയിരിക്കുന്നത്


നടിയെ ആക്രമിച്ച കേസുമായോ വധഗൂഡാലോചന കേസുമായോ ബന്ധപ്പെട്ട ഒരു തെളിവുകളും തന്റെ ഫോണുകളില്‍ നിന്ന് നശിപ്പിച്ചിട്ടില്ലെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ മറുപടിയില്‍ ദിലീപ് വ്യക്തമാക്കുന്നത്. കേസുമായി ബന്ധമില്ലാത്ത വാട്‌സ് ആപ്പ് ചാറ്റുകള്‍ മാത്രമാണ് ഡിലീറ്റ് ചെയ്തത്. വധഗൂഡാലോചന കേസ് റജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ മുമ്പ് തന്നെ ഫോണുകള്‍ സ്വകാര്യ ലാബില്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാന്‍ തീരുമാനിച്ചിരുന്നു. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനാണ് ഫോറന്‍സിക് പരിശോധനക്ക് അയച്ചത്. സാധാരണ രീതിയില്‍ ഫോണില്‍ നിന്ന് വീണ്ടെടുക്കാന്‍ സാധിക്കാത്ത സംഭാഷണങ്ങളും ഡേറ്റയും ശേഖരിക്കുകയാണ് ഇതിലൂടെ ചെയ്തത്. ഫോണുകളില്‍ നിന്ന് ഒരു തരത്തിലുള്ള വിവരങ്ങളും നശിപ്പിച്ചിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. 

ജനുവരി 29നും മുപ്പതിനും വന്‍തോതില്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം അടിസ്ഥാന രഹിതമാണ്. കോടതിക്ക് കൈമാറുന്നതിനായി ലാബില്‍ നിന്ന് ഫോണുകള്‍ ശേഖരിക്കാനാണ് അഭിഭാഷകര്‍ മുംബൈയിലേക്ക് പോയത്. അന്നു തന്നെ അഭിഭാഷകര്‍ തിരികെയെത്തി. അഡ്വക്കേറ്റ് രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച് ഐഎംഇഐ നമ്പറുകള്‍ ഒത്തുനോക്കുമ്പോഴാണ് വൈഫെ ഓട്ടോമാറ്റിക് ആയി കണക്ട് ആയതെന്നും ദിലീപ് വിശദീകരിക്കുന്നു. തനിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ തന്റെ വീട്ടില്‍ ജോലിക്കാരനായിരുന്ന ദാസനെ അഭിഭാഷകര്‍ സമ്മര്‍ദം ചെലുത്തിയെന്ന ആരോപണവും ദിലീപ് നിഷേധിച്ചു. 

ദാസന്റെ മൊഴി വിശ്വസനീയമല്ല. 2020 ഡിസംബറി്ല്‍ തന്റെ വീട്ടിലെ ജോലി അവസാനിപ്പിച്ച ദാസന്‍ 2021ലെ സംഭാഷണം എങ്ങനെയാണ് കേള്‍ക്കുകയെന്ന് ദിലീപ് ചോദിക്കുന്നു. പൊലീസ് പറഞ്ഞ് പഠിപ്പിച്ചതാണ് ദാസന്റെ മൊഴി. തനിക്കെതിരെ മൊഴി നല്‍കാന്‍ ദാസനെയും മകനെയും െ്രെകംബ്രാഞ്ച് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ വിശദീകരണത്തിലുണ്ട്. ദാസനെ വക്കീല്‍ ഓഫീസിലേക്ക് വിളിപ്പിച്ചു എന്ന് പറയുന്ന ദിവസം തന്റെ അഭിഭാഷകന്‍ കോവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നുവെന്നും, കോവിഡ് പരിശോധനാഫലം സഹിതം ദിലീപ് ചൂണ്ടിക്കാട്ടി. വധഗൂഡാലോചന കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.
 

Leave a Reply