Pravasimalayaly

വ്യാജമൊഴി നല്‍കാന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന സാക്ഷിയുടെ ഹര്‍ജി; സര്‍ക്കാര്‍ നിലപാട് തേടി കോടതി

നടിയെ ആക്രമിച്ച കേസില്‍ വ്യാജമൊഴി നല്‍കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സാക്ഷി നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് തേടി കോടതി. പൊലീസ് പീഡനമുള്‍പ്പെടെ ആരോപിച്ചാണ് സാക്ഷിയായ സാഗര്‍ വിന്‍സെന്റ് കോടതിയെ സമീപിച്ചത്. ഡി വൈ എസ് പി ബൈജു പൗലോസ് ഉള്‍പ്പെടുയുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സാഗര്‍ വിന്‍സെന്റ് സമര്‍പ്പിച്ച ഹര്‍ജി കോടതി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സാഗര്‍. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സൂചിപ്പിച്ച് ബൈജു പൗലോസ് നല്‍കിയ നോട്ടീസിലെ തുടര്‍നടപടികള്‍ കോടതി ഇടപെട്ട് നിര്‍ത്തിവെക്കണമെന്ന ആവശ്യവും ഹര്‍ജിയിലൂടെ ഇയാള്‍ ഉന്നയിച്ചിരുന്നു. തുടരന്വേഷണത്തിന്റെ പേരില്‍ ബൈജു പൗലോസ് ഉപദ്രവിക്കുമെന്ന ആശങ്കയുണ്ടെന്ന് സാക്ഷി പറഞ്ഞിരുന്നു.

ബൈജു പൗലോസിനെതിരെ നേരത്തെ ദിലീപ് പരാതി ഉന്നയിച്ചിരുന്നു. ബൈജു പൗലോസ് തന്നോടുള്ള വൈരാഗ്യം തീര്‍ക്കുകയാണെന്നും വിചാരണാ നടപടികള്‍ പരമാവധി നീട്ടിക്കൊണ്ടുപോകുകയാണെന്നുമായിരുന്നു ദിലീപിന്റെ ആരോപണം. ഗൂഡാലോചനാ കേസില്‍ ബൈജു പൗലോസിന്റെ ഫോണ്‍ പരിശോധിക്കണമെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചിരുന്നു.

Exit mobile version