Pravasimalayaly

ഡിജിറ്റൽ ഗാഡ്ജറ്റുകൾ ഹാജരാക്കാൻ ദിലീപിന്റെ അഭിഭാഷകർക്ക് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി ബൈജു പൗലോസ് ഇന്ന് കൊച്ചിയിലെ വിചാരണക്കോടതി മുമ്പാകെ ഹാജരാകും. കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന പരാതിയിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതിഭാഗം നൽകിയ ഹർജിയിലായിരുന്നു നിർദേശം. 

ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചപ്പോൾ കോടതിയിലെ ചില വിവരങ്ങൾ ഫോണിൽ നിന്ന് ലഭിച്ചെന്ന് ബൈജു പൗലോസ് പറ‍്ഞു. ഇത് കോടതി ജീവനക്കാർ വഴിയാണോ ചോർന്നത് എന്നറിയാൻ ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഈ അവശ്യം ഉന്നയിച്ചുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് സഹിതമുള്ള കത്ത് മാധ്യമങ്ങളിൽ വന്ന സാഹചര്യത്തിലാണ് ബൈജു പൗലോസിനോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടത്.

അതേസമയം ഇന്നലെ നടൻ ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഢാലോചനാ കേസിൽ സൈബർ ഹാക്കർ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകർക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. രാമൻപിളള അസോസിയേറ്റ്സിനാണ് നോട്ടീസ് നൽകിയത്. 

അഡ്വ ഫിലിപ് ടി വർഗീസ്, അ‍ഡ്വ സുജേഷ് മേനോൻ എന്നിവർ അടക്കമുള്ളവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരാണ് ദിലീപിൻറെ ഫോണിലെ ചിത്രങ്ങളും രേഖകളും മായിക്കാൻ ആവശ്യപ്പെട്ടതെന്നാണ് സീയി ശങ്കറിന്റെ മൊഴി. കേസിലെ തെളിവ് നശിപ്പിച്ചെന്ന ആരോപണത്തിൽ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മോനോൻ എന്നിവർക്ക് കേരള ബാർ കൗൺസിലും നോട്ടീസ് നൽകിയിട്ടുണ്ട്. 

Exit mobile version