കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഒന്നാം പ്രതി നടന്‍ ദിലീപ് അടക്കമുള്ള 6 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നും ഹൈക്കോടതി വാദം കേള്‍ക്കും. ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന്റെ വാദമാണ് ഇന്ന് നടക്കുക. കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ തെളിവുകളും ഹാജരാക്കാന്‍ സാധ്യതയുണ്ട്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും കസ്റ്റഡി അനിവാര്യമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. ഉച്ചയ്ക്ക് 1.45നാണ് ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ഹർജികൾ പരിഗണിക്കുന്നത്.
കെട്ടിച്ചമച്ച തെളിവുകളാണ് പ്രോസിക്യൂഷന്‍റെ കൈവശമുളളതെന്നും പ്രതിഭാഗം ഇന്നലെ ആരോപിച്ചിരുന്നു. ഏതു വിധേനയും തന്നെ ജയിലില്‍ അടയ്ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തതെന്നും, മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ വാദത്തിനിടെ ദിലീപ് അറിയിച്ചു. വീട്ടിലിരുന്നു കുടുംബാംഗങ്ങളോടു പറയുന്നത് എങ്ങനെയാണ് ഗൂഢാലോചനയാവുകയെന്ന് വാദത്തിനിടെ ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ചോദിച്ചു. തന്റെ വീട്ടിലിരുന്ന് സഹോദരനോടും സഹോദരീ ഭര്‍ത്താവിനോടും പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ ഗൂഢാലോചനാ കേസ് എടുത്തിരിക്കുന്നത്. ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമന്‍പിള്ള ചോദിച്ചു.
ഭാര്യയും അമ്മയും ഉള്ളപ്പോള്‍ വീട്ടിലിരുന്ന് ദൃശ്യങ്ങള്‍ കണ്ടു എന്നത് വസ്തുതാ വിരുദ്ധം. ഇതിന് പിന്നില്‍ ബാലചന്ദ്രകുമാറിന്റെ തിരക്കഥയാണ്. ബാലചന്ദ്രകുമാറിന്റെ ഭാവനയില്‍ വിരിഞ്ഞ കാര്യങ്ങളാണ് തനിക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. തന്നെ ഇരുമ്പഴിക്കുള്ളിലാക്കുക ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നത്. ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും ദിലീപ് ചോദിച്ചു.