ഗൂഢാലോചന കേസ്; ആഴത്തിലുള്ള അന്വേഷണം വേണം, തെളിവുകൾ അപര്യാപ്തമെന്ന് ഹൈക്കോടതി

0
300

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തെളിവുകൾ അപര്യാപ്തമെന്ന് ഹൈക്കോടതി നിരീക്ഷണം. പ്രതികൾ കുറ്റകൃത്യം ചെയ്തതായി ലഭ്യമായ തെളിവുകളിൽ വ്യക്തമല്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വിഷയത്തിൽ ആഴത്തിലുള്ള അന്വേഷണം വേണമെന്നാണ് ഹൈക്കോടതിയുടെ നിലപാട്. നിലവിൽ പ്രതികളുടെ കസ്റ്റഡി ആവശ്യമാണെന്ന് തോന്നുന്നില്ലെന്നും ദിലീപിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. മുദ്രവച്ച കവറിൽ ലഭിച്ച തെളിവുകളിൽ വിശദമായ അന്വേഷണം വേണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഈ മാസം 27 വരെയാണ് പ്രതി ദിലീപിന്റെ അറസ്റ്റ് കോടതി തടഞ്ഞത്. എന്നാൽ അന്വേഷണത്തെ സ്വാധീനിച്ചാൽ അറസ്റ്റിൽ നിന്നുള്ള സംരക്ഷണം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.

നിലവിൽ ദിലീപ്‍ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് ദിവസം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് അനുമതി ലഭിച്ചത്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 8 മണി വരെ ദിലീപിനെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നൽകിയത്. ദിലീപിനൊപ്പം കേസിലെ മറ്റ് പ്രതികളും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറയുന്നു. ഇതിനുശേഷം ചൊവ്വാഴ്ച വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും.

Leave a Reply