കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ വിഐപിയെ തിരിച്ചറിഞ്ഞതായി സൂചന. കോട്ടയം സ്വദേശിയായ പ്രവാസി വ്യവസായിയെ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സ്ഥിരീകരിക്കാനായി ശബ്ദ സാംപിള്‍ പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘം.
ഗള്‍ഫില്‍ നിന്നും നേരെ ദിലീപിന്റെ വീട്ടിലെത്തിയ വിഐപി, നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് പ്രതിയായ ദിലീപിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണാം എന്നു പറഞ്ഞ് തന്നെ ദൃശ്യങ്ങള്‍ കാണാന്‍ ദിലീപ് ക്ഷണിച്ചതായും ബാലചന്ദ്രകുമാര്‍ പറഞ്ഞിട്ടുണ്ട്.
ബാലചന്ദ്രകുമാര്‍ സിനിമാ ചര്‍ച്ചയ്ക്കു വേണ്ടി ദിലീപിന്റെ വീട്ടിലെത്തിയതായി പറയുന്ന ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ബാലചന്ദ്രകുമാറിനെ കാണിച്ചിരുന്നു. ഈ വിഐപിയുടെ സാന്നിധ്യത്തിലാണ് കമ്മീഷണറായിരുന്ന എവി ജോര്‍ജ് അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയതെന്നാണ് ്രൈകംബ്രാഞ്ച് എഫ്ഐആര്‍ വ്യക്തമാക്കുന്നത്.
കേസിന്റെ അന്വേഷണത്തില്‍ നിന്നും ഡിജിപി ബി സന്ധ്യയെ മാറ്റിനിര്‍ത്തണമെന്ന് നടന്‍ ദിലീപിന്റെ വീട്ടിലെത്തിയ ‘വിഐപി’ ഒരു മന്ത്രിയെ നേരിട്ടു വിളിച്ച് ആവശ്യപ്പെട്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്. ‘കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ എന്തുചെയ്യണമെന്ന് നമ്മള്‍ തീരുമാനിക്കു’മെന്ന് വിഐപി പറഞ്ഞതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.