വധഗൂഢാലോചനക്കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ബാലചന്ദ്ര കുമാറിൻ്റെ വാക്കുകൾ കേട്ട് തന്നെ പ്രതിസ്ഥാനത്തു നിർത്തരുത്. ബാലചന്ദ്രകുമാർ പറയുന്നത് ഉദ്യോഗസ്ഥ ഗൂഢാലോചനയുടെ ഭാഗമായുള്ള കഥകൾ മാത്രമാണ്. ശബ്ദ സാമ്പിളുകളിൽ രണ്ടെണ്ണം മാത്രമാണ് തൻ്റേത് എന്നും ദിലീപ് പറഞ്ഞു.
ചില ചാറ്റുകൾ താൻ തന്നെ ഡിലീറ്റ് ചെയ്തു എന്നാണ് ദിലീപ് അറിയിച്ചത്. ഈ ചാറ്റുകളൊക്കെ അന്വേഷണ സംഘം തിരികെ എടുത്തിട്ടുണ്ട്. ചാറ്റുകൾ തിരിച്ചെടുക്കാൻ കഴിയാത്ത വിധം പൂർണമായി നശിപ്പിച്ചതിനു കൃത്യമായ തെളിവുകളുണ്ട് എന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ദിലീപിനൊപ്പം കാവ്യ മാധവനും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന് അന്വേഷണ സംഘം പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നലെ പൂർത്തിയായിരുന്നു. തുടരന്വേഷണവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ടാം ദിവസമാണ് ദിലീപിനെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിനെയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തു. ഒൻപതര മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപ് ആലുവ പൊലീസ് ക്ലബ്ബിൽ നിന്നും വീട്ടിലേക്ക് മടങ്ങി.