Saturday, November 23, 2024
HomeNewsKeralaദിലീപ് തെളിവ് നശിപ്പി‌ച്ചു, ഫോണില്‍ കൃത്രിമം നടത്തി; ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്‌

ദിലീപ് തെളിവ് നശിപ്പി‌ച്ചു, ഫോണില്‍ കൃത്രിമം നടത്തി; ഫോറന്‍സിക് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് നാല് ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ട അതേദിവസും പിറ്റേ ദിവസവുമായി ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതായി വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. വധ ഗൂഢാലോചന കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ ഫോറന്‍സിക് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

ജനുവരി 31ന് കൈവശമുള്ള ആറു ഫോണുകളില്‍ അഞ്ചെണ്ണം കോടതിയില്‍ ഹാജരാക്കണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ജനുവരി 29,30 തീയതികളില്‍ ആയാണ് ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. പതിമൂന്ന് നമ്പറുകളില്‍ നിന്നുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ അടക്കം നശിപ്പിച്ചതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. 

വില്‍സണ്‍ ചൊവ്വല്ലൂര്‍ എന്ന വ്യക്തിയുടെയും അഭിഭാഷകരുടെയും സഹായത്തോടെയാണ് ഫോണുകള്‍ മുംബൈയില്‍ എത്തിച്ച് തെളിവുകള്‍ നശിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു. 

ജനുവരി 30ന് മുംബൈയില്‍ എത്തിയ ദിലീപിന്റെ അഭിഭാഷകര്‍ ഫോണുകളില്‍ നിന്ന് മാറ്റിയ വിവരങ്ങള്‍ ഹാര്‍ഡ് ഡിസ്‌കിലാക്കി പരിശോധിച്ചു. ഈ ഹാര്‍ഡ് ഡിസ്‌ക് മുംബൈയിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ഹാര്‍ഡ് ഡിസ്‌ക് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments