കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ വെട്ടിലാക്കി ജോലിക്കാരന്‍ ദാസന്റെ മൊഴി. പൊലീസ് ചോദിച്ചാല്‍ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒന്നും പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകര്‍ വിലക്കി. ദിലീപിന്റെ സഹോദരന്‍ അനൂപാണ് അഡ്വ. രാമന്‍പിള്ളയുടെ ഓഫീസില്‍ കൂട്ടിക്കൊണ്ടുപോയതെന്നും ദാസന്‍ മൊഴി നല്‍കിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും, കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച വധഗൂഢാലോചന കേസിലും ദാസന്റെ മൊഴി ക്രൈബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. രണ്ട് മൊഴികളാണ് രേഖപ്പെടുത്തിയത്. ഇതില്‍ വധഗൂഢാലോചനകേസിലെ മൊഴിപ്പകര്‍പ്പാണ് പുറത്തുവന്നത്.
കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാനായി ദിലീപിന്റെ ജോലിക്കാരനായ ദാസനെ പൊലീസ് അന്വേഷിക്കുന്നു എന്ന വിവരം ലഭിച്ചതിന് ശേഷം അനൂപ് ദാസനുമായി ബന്ധപ്പെട്ടിരുന്നു. ദാസനോട് അടിയന്തരമായി കൊച്ചിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ദാസന്‍, കൊച്ചിയിലെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള സിനിമാനിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ഓഫീസിലെത്തുന്നു.
അവിടെ വെച്ച് ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് എന്തൊക്കെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്ന് ദാസനോട് ചോദിച്ചു. അതിനുശേഷം ദാസനേയും കൂട്ടി അഡ്വ. രാമന്‍പിള്ളയുടെ ഓഫീസിലേക്ക് പോയി. അവിടെ വെച്ച് കൂടുതലൊന്നും പറയരുതെന്ന് അഭിഭാഷകര്‍ വിലക്കിയെന്ന് ദാസന്‍ മൊഴി നല്‍കി. അടുത്തദിവസം ദിലീപിന്റെ മറ്റൊരു അഭിഭാഷകനായ ഫിലിപ്പിന്റെ ഓഫീസിലേക്കും ദാസനെ വിളിച്ചു വരുത്തി.
അവിടെ വെച്ച് മുഖ്യമന്ത്രിക്ക് ബാലചന്ദ്രകുമാര്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് ദാസനെ വായിച്ചുകേള്‍പ്പിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങളൊന്നും പൊലീസിനോട് പറയരുതെന്ന് നിര്‍ദേശിച്ചുവെന്നും മൊഴിയില്‍ പറയുന്നു. ദിലീപിന്റെ സഹോദരീഭര്‍ത്താവ് ടി എന്‍ സുരാജ് സുനില്‍ പുറത്തിറങ്ങട്ടെ അവനെ കാണിച്ചുകൊടുക്കുന്നുണ്ട് എന്ന് മറ്റൊരാേേളാട് പറഞ്ഞത് താന്‍ കേട്ടിരുന്നു എന്നും ദാസന്‍ അറിയിച്ചതായി മൊഴിയില്‍ വ്യക്തമാക്കുന്നു.
ഈ സുനില്‍ പള്‍സര്‍ സുനിയാണെന്ന് ക്രൈംബ്രാഞ്ച് വിശദീകരിക്കുന്നു. അതോടൊപ്പം 2021 ഒക്ടോബര്‍ 26 ന് താന്‍ ദിലീപുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ പുറത്തുപറയുമെന്ന് ദാസനെ ബാലചന്ദ്രകുമാര്‍ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ അറിയിച്ചു. ഇക്കാര്യം ദിലീപിനെയോ അനൂപിനേയോ സുരാജിനെയോ അറിയിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഇപ്പോള്‍ അവിടെ ജോലിക്കില്ലെന്ന കാര്യം ബാലചന്ദ്രകുമാറിനെ അറിയിച്ചു. വാട്‌സ്ആപ്പ് കോള്‍ വഴിയാണ് ബാലചന്ദ്രകുമാറുമായി സംസാരിച്ചത്. അന്ന് ബാലചന്ദ്രകുമാറിനെ വിലക്കി.
അന്നാണ് പള്‍സര്‍ സുനി പുറത്തിറങ്ങട്ടെ, അവനെ കാണിച്ചുകൊടുക്കുന്നുണ്ട് എന്ന് സുരാജ് മറ്റൊരാളോട് പറഞ്ഞകാര്യം ബാലചന്ദ്രകുമാറിനെ അറിയിച്ചതെന്നും ദാസന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിട്ടുണ്ട്. 2017 മുതല്‍ 2020 വരെയാണ് ദാസന്‍ ദിലീപിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നത്.