ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടിനല്‍കരുതെന്ന് ദിലീപ്. സുപ്രീംകോടതിയില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ നീട്ടിവെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം നല്‍കരുത്. വിചാരണ നീട്ടുന്നത് വിചാരണക്കോടതി ജഡ്ജിയെ മാറ്റുവാനാണെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സുപ്രീംകോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നത്. അതിനിടെ, കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഈ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെയാണ്, സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് എതിർ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. തുടരന്വേഷണം വേണമെന്ന സര്‍ക്കാരിന്റെ ആവശ്യം പ്രഹസനമാണ്. ഇനി തുടരന്വേഷണം ആവശ്യമില്ല. എത്രയും വേഗം കേസില്‍ വിധി പറയുകയാണ് വേണ്ടതെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.