നടിയെ ആക്രമിച്ച കേസ് പ്രതി ദിലീപ് ഉയോഗിച്ചിരുന്ന ഫോണുകളുടെ കോൾ ഡീറ്റയിൽസിന്റെ മുഴുവൻ കണക്കും ക്രൈം ബ്രാഞ്ച് ശേഖരിക്കുന്നു. ഫോണുകളിൽ ഒന്നിൽ ( സീരിയൽ നമ്പർ 2) നിന്ന് വിളിച്ചത് 12100 കോളുകളാണ്. ഹാജരാക്കില്ലെന്ന് പറഞ്ഞ ഫോണിൽ (സീരിയൽ നമ്പർ 4 ) നിന്ന് വിളിച്ചത് ആറ് കോളുകൾ മാത്രമാണ്. അതിന് ശേഷം ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ഈ ഫോൺ കോൾ വിവരങ്ങൾ കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. ഫോണുകൾ ലഭിച്ചാൽ മറ്റ് സിം കാർഡ് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ദിലീപിന്റെ കൈവശം ഏഴ് ഫോണുകൾ മാത്രമാകില്ലെന്നാണ് ക്രൈം ബ്രാഞ്ച് അനുമാനം.
അതേസമയം, ദിലീപ് സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം ഹൈക്കോടതിയിൽ സമയം ചോദിച്ചത് ഇതിന് വേണ്ടിയാകാമെന്നാണ് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്.
ദിലീപിന്റെ ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറൽ മുമ്പാകെ ഹാജരാക്കാൻ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്. മുദ്രവച്ച കവറിൽ തിങ്കളാഴ്ച 10.15ഓടെ ഹാജരാക്കാൻ ആണ് ഉത്തരവ്. ദിലീപിന്റെ വാദങ്ങൾ തള്ളി പ്രോസിക്യൂഷന്റെ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇടക്കാല ഉത്തരവിനെതിരെ വേണമെങ്കിൽ നിയമപരമായി ദിലീപിന് സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
അതേസമയം, ദിലീപിന്റെ ഫോണിനേക്കാൾ ഏറെ സെൻസിറ്റീവായ വിഷയങ്ങൾ അദ്ദേഹത്തിന്റെ സഹോദരി ഭർത്താവിന്റേ ഫോണിലാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിക്കുന്നു. ദിലീപിന്റെ സഹോദരിയുടെ ഭർത്താവ് 2017ൽ ദിലീപ് ജയിലിൽ കിടക്കുന്ന കാലഘട്ടത്തിൽ ഉപയോഗിച്ച ഫോൺ നിർബന്ധമായും ഹാജരാക്കണമെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.