അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; ദിലീപിന്റെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി,മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കും

0
444

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൊഴികള്‍ പരിശോധിച്ച ശേഷം പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് പ്രതികളെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. കേസില്‍ കണ്ടെത്തിയ തെളിവുകളും പ്രതികളുടെ മൊഴിയും അന്വേഷണ സംഘം പരിശോധിക്കുകയാണ്. മൊഴികള്‍ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കും.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന സംബന്ധിച്ച് കൃത്യമായി തെളിവുകള്‍ ലഭിച്ചതായി എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ സമര്‍പ്പിച്ച തെളിവുകളെ പറ്റി ഇപ്പോള്‍ പുറത്ത് പറയാന്‍ കഴിയില്ല. ചോദ്യം ചെയ്യലിന് കൂടുതല്‍ സമയം വേണമെങ്കില്‍ കോടതിയോട് ആവശ്യപ്പെടും. കേസിലെ വിഐപി ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും നടിയെ ആക്രമിച്ച കേസില്‍ കൂറുമാറിയവരുടെ വിശദ വിവരങ്ങള്‍ അന്വേഷിക്കുമെന്നും എഡിജിപി പ്രതികരിച്ചു. ചോദ്യം ചെയ്യലിന്റെ പുരോഗതി എസ് ശ്രീജിത്തും ക്രൈംബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളും ചേര്‍ന്നാണ് വിലയിരുത്തിയത്.

കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെയും പ്രത്യേകമായാണ് ചോദ്യം ചെയ്യുന്നത്. ദിലീപിനൊപ്പം അപ്പു, ബൈജു ചെങ്ങമനാട്, അനൂപ്, സുരാജ് എന്നിവരാണ് മറ്റുപ്രതികള്‍. ചോദ്യം ചെയ്യല്‍ നടപടി ക്രമങ്ങള്‍ പൂര്‍ണമായും അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്യും.

Leave a Reply