Pravasimalayaly

നടിയെ ആക്രമിച്ച കേസ്: ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും, അനുമതി തേടി പോലീസ്‌

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതികളായ ദിലീപിനെയും, പൾസർ സുനിയെയും, വിജീഷിനെയും വീണ്ടും ചോദ്യം ചെയ്യും. ജയിലിലുള്ള പ്രതികളെ ചോദ്യം ചെയ്യാൻ അനുമതി തേടി ഉടൻ കോടതിയിൽ അപേക്ഷ നൽകും.

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന ആരോപണത്തിൽ അന്വേഷണം കേന്ദ്രീകരിക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ദിലീപിനെതിരെ നിർണായക മൊഴി നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ബുധനാഴ്ച രേഖപ്പെടുത്തും. ഇതിന് ശേഷമാകും ദിലീപിനെ ചോദ്യം ചെയ്യുക. ഈ മാസം 20ന് മുമ്പ് തുടരന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിചാരണക്കോടതി നിർദേശം.

അതേസമയം, കേസിൽ അന്വേഷണം കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഈ സ്റ്റുഡിയോയിലെത്തിച്ച് ശബ്ദം കൂട്ടിയെന്നാണ് ബാലചന്ദ്രകുമാറിന്റെ മൊഴി. ഇതിനെ കുറിച്ച് വ്യക്തമാക്കുന്ന സംഭാഷണം സ്വന്തം ടാബിൽ റെക്കോർഡ് ചെയ്തത് ബാലചന്ദ്ര കുമാർ പോലീസിന് കൈമാറിയിട്ടുണ്ട്.

Exit mobile version