Pravasimalayaly

കോവിഡ്: സംസ്ഥാനത്ത് ആശുപത്രി ഡിസ്‌ചാര്‍ജ് നയം പുതുക്കി

തിരുവനന്തപുരം: കോവിഡ് രോഗികളെ ആശുപത്രയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതു സംബന്ധിച്ച് നയം പുതുക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവര്‍ എന്നിങ്ങനെ രോഗതീവ്രത അനുസരിച്ചാണ് നയം പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാര്‍ജ് ചെയ്യാന്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗലക്ഷണങ്ങളുള്ളവര്‍ അവ കണ്ടുതുടങ്ങിയതു മുതലോ, ലക്ഷണങ്ങളില്ലാത്ത രോഗികള്‍ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടില്‍ ഏഴുദിവസം നിരീക്ഷണത്തില്‍ കഴിയണം. മൂന്നു ദിവസം തുടര്‍ച്ചയായി പനി ഇല്ലാതിരുന്നാല്‍ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം.

വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന സമയത്ത് അപായസൂചനകള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണം. ദിവസവും ആറ് മിനിറ്റ് നടത്ത പരിശോധന നടത്തണം. അപായ സൂചനകള്‍ കാണുകയോ അല്ലെങ്കില്‍ വിശ്രമിക്കുമ്പോള്‍ ഓക്സിജന്റെ അളവ് 94 ശതമാനത്തില്‍ കുറവോ അല്ലെങ്കില്‍ ആറ് മിനിറ്റ് നടശേഷം ഓക്സിജന്‍ അളവ് ബേസ് ലൈനില്‍നിന്ന് മൂന്നു ശതമാനത്തില്‍ കുറവോ ആണെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്ചാര്‍ജ് ചെയ്ത ആശുപത്രിയിലോ അറിയിക്കുക.

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം. ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയില്‍ വീട്ടില്‍ റൂം ഐസൊലേഷനായോ, സി.എഫ്.എല്‍.ടി.സി.യിലേക്കോ, സി.എസ്.എല്‍.ടി.സി.യിലേക്കോ ഡിസ്ചാര്‍ജ്ജ് ചെയ്യാം.

ഗുരുതര രോഗം, എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവര്‍, അര്‍ബുദ രോഗികള്‍, ഇമ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവര്‍, ഗുരുതര വൃക്ക, കരള്‍ രോഗങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്കു രോഗലക്ഷണങ്ങള്‍ തുടങ്ങി പതിനാലാം ദിവസം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ഫലം നെഗറ്റീവായാല്‍ ശരീരതാപം കുറയ്ക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളില്‍ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജന്‍ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യാം.

Exit mobile version