Pravasimalayaly

50 ദശലക്ഷം റിയാല്‍ ദയാധനം വേണമെന്ന് തലാലിന്റെ കുടുംബം; നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ചര്‍ച്ച

ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. യെമന്‍ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷപ്രിയയെ കണ്ടു. കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ദയാധനത്തെപ്പറ്റി ചര്‍ച്ചയ്ക്ക് തയാറെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി ഇന്ത്യന്‍ രൂപ) ആണ് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത്. റംസാൻ അവസാനിക്കുന്നതിന് മുമ്പ് തീരുമാനം അറിയിക്കണമെന്നും കുടുംബം നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

റംസാൻ മാസം കഴിഞ്ഞാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ യമന്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് പോകുമെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുള്ളത്. മധ്യസ്ഥ ചര്‍ച്ചകള്‍ ഏകോപിപ്പിക്കുന്നതിനായി ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍ സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിരുന്നു.

Exit mobile version