കോഴിക്കോട്: വിവാദങ്ങള്‍ക്കിടെ ഡിലിറ്റില്‍ നിലപാട് അറിയിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡിലിറ്റ് സ്വീകരിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കാന്തപുരം വൈസ് ചാന്‍സലര്‍ക്ക് കത്തയച്ചു. ഡി ലിറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ കാന്തപുരത്തിന്റെ അറിവോടെയല്ലെന്നും അക്കാദമിക് രംഗത്ത് സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കാന്തപുരത്തിന്റെ വക്താവ് കത്തില്‍ ആവശ്യപ്പെടുന്നു.
അതേസമയം ഡി- ലിറ്റ് ആവശ്യപ്പെട്ടിട്ടില്ലന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. താന്‍ പുരസ്‌കാരനങ്ങള്‍ക്ക് പുറകെ പോകുന്ന ആളല്ല. ഡി- ലിറ്റ് ആവശ്യപ്പെട്ടിട്ടില്ലന്നും ആരും തന്നെ അറിയിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പുറഞ്ഞു
വിദ്യാഭ്യസ രംഗത്ത് നല്‍കിയ മഹനീയമായ സേവനങ്ങള്‍ കണക്കിലെടുത്ത്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് കഴിഞ്ഞ ദിവസമാണ് കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാന്‍സലറുടെ അനുമതിയോടെ പ്രമേയം അവതരിപ്പിച്ചത്. വിദ്യാഭ്യാസ രംഗത്ത് മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മഹദ് വ്യക്തികളാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും, വെള്ളാപ്പള്ളി നടേശനും. ഇരുവരും വിദ്യാഭ്യാസ മേഖലയിലേക്ക് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് ഡിലിറ്റിന് സബ് കമ്മിറ്റി ശുപാര്‍ശ ചെയ്യണമെന്നാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗം ഇ അബ്ദുറഹീം വിസിയുടെ മുന്‍കൂര്‍ അനുമതിയോടെ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെടുന്നത്.
അതിനിടെ, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്കും, വെള്ളാപ്പള്ളി നടേശനും ഡി ലിറ്റ് നല്കാനുള്ള കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നീക്കത്തിനെതിരെ സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കി.