ഇരട്ട വോട്ട് ബൂത്തുകളുടെ ചുമതല കേന്ദ്രസേനയ്ക്ക്

0
31

തിരുവനന്തപുരം: ഇരട്ട വോട്ടിന് അവസരമൊരുക്കി വ്യാജ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള പ്രോസിക്യൂഷന്‍ നടപടി നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷവും തുടരും. വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു നടത്താന്‍ ഒത്താശ നല്‍കിയ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പു കമ്മീഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ക്രമക്കേടുകള്‍ക്ക് നിരവധി ഉദ്യോഗസ്ഥരുടെ ഒത്താശ ലഭിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. ഓരോ ഉദ്യോഗസ്ഥന്റെയും പങ്ക് വിശദമായി പരിശോധിക്കാനാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം.
അതിനിടെ, നിരവധി ഇരട്ട വോട്ടുകള്‍ കണ്ടെത്തിയ ബൂത്തുകളുടെ സുരക്ഷാ ചുമതല പൂര്‍ണമായി കേന്ദ്രസേനയ്ക്കു കൈമാറാനാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ധാരണ. ഇവിടങ്ങളിലും ബൂത്തിനു പുറത്തുള്ള ചുമതലയാകും കേരള പോലീസിനു നല്‍കുക. നേരത്തെ മാവോവാദി സാന്നിധ്യമുള്ളവയ്‌ക്കൊപ്പം പ്രശ്‌ന ബാധിത- പ്രശ്‌ന സാധ്യതാ ബൂത്തുകളുടെ ചുമതല മാത്രമാണു കേന്ദ്രസേനയുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. ഇതിനു പുറമേയാണ് കൂടുതലായി ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ ബൂത്തുകളുടെ സുരക്ഷാ ചുമതലയും കേന്ദ്രസേനയ്ക്കു കൈമാറുന്നത്. ഒരു കാലത്തുമില്ലാത്ത തരത്തില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് 140 കമ്പനി കേന്ദ്രസേനയെയാണ് കേരളത്തില്‍ വിന്യസിക്കുക. ഇതില്‍ 50 കമ്പനി കേന്ദ്രസേന കേരളത്തില്‍ എത്തിക്കഴിഞ്ഞു. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസും തെരഞ്ഞെടുപ്പു സുരക്ഷാ ചുമതലയുമായി എത്തും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 121 കമ്പനി കേന്ദ്രസേന മാത്രമാണ് സംസ്ഥാനത്ത് എത്തിയിരുന്നത്. ക്രമക്കേട് പൂര്‍ണമായി തടയുന്നതിന്റെ ഭാഗമായി ഇരട്ട വോട്ടുകള്‍ കണ്ടെത്തിയ ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും. മൈക്രോ ഒബ്‌സര്‍മാരേയും നിയോഗിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ ഇവിടെയുണ്ടാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. 36,000 സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പു ജോലിക്കു വിന്യസിക്കുന്നത്.
വോട്ടര്‍ പട്ടികയില്‍ ക്രമക്കേടു നടത്താന്‍ കൂട്ടു നിന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി, വകുപ്പുതല ശിക്ഷണ നടപടിക്കൊപ്പം പ്രോസിക്യൂഷന്‍ നടപടി അടക്കമുള്ള നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്കു നിര്‍ദേശം നല്‍കിയതായാണു വിവരം. ക്രമക്കേടിനൂ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ഐപിസി, സിആര്‍പിസി എന്നിവയ്ക്കു പുറമേ ജനപ്രാതിനിധ്യ നിയമപ്രകാരവും നിയമനടപടി സ്വീകരിക്കാനാണ് നിര്‍ദേശം.
സംസ്ഥാനത്തൊട്ടാകെയായി ഇരട്ട വോട്ടര്‍മാരുടെ വിവരം ശേഖരിക്കാനുള്ള നടപടികളാണു നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി ഓരോ ബൂത്തിലേയും വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ബിഎല്‍ഒമാര്‍ക്കു നിര്‍ദേശം നല്‍കി. ഇരട്ട വോട്ടുകള്‍ കൂടുതലായി കണ്ടെത്തുന്നതായ ജില്ലാ കളക്ടര്‍മാരുടെ റിപ്പോര്‍ട്ടുകളും കമ്മീഷന് ലഭിക്കുന്നുണ്ട്. കളക്ടര്‍മാരുടെ അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നടപടി സ്വീകരിക്കുക. കഴിഞ്ഞ ദിവസം ഒരു ഡപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരേ നടപടി സ്വീകരിച്ചിരുന്നു.
ഇപ്പോള്‍ ഇരട്ടവോട്ടുകള്‍ സ്ഥിരീകരിക്കുന്നതിനും ഒരാള്‍ ഒരു വോട്ടു മാത്രം ചെയ്യുന്നുവെന്ന് ഉറപ്പാക്കുന്നതിനുമുള്ള നടപടികളാണു നടന്നു വരുന്നതെന്നു മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ ദീപികയോടു പറഞ്ഞു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള നടപടികള്‍ അടക്കമുള്ളവ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമാകും തെരഞ്ഞെടുപ്പു കമ്മീഷന്‍ വിശദമായി പരിശോധിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply