തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനക്കൂട്ടം ഉണ്ടാകുന്ന മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് പൊതുജനാരോഗ്യവിദഗ്ധൻ ഡോ. എസ്.എസ് ലാൽ സർക്കാരിനോട് ആവശ്യപ്പെട്ടു. ജനങ്ങൾ കൂട്ടം കൂടുന്ന മുഴുവൻ ചടങ്ങുകളും നിശ്ചിത കാലയളവിലേയ്ക്ക് ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർത്ഥിയ്ക്കണം.
അതേസമയം നിയന്ത്രണങ്ങൾ നടപ്പിലാക്കുമ്പോൾ ജനങ്ങളെക്കൂടി വിശ്വാസത്തിലെടുത്ത് വേണം മുന്നോട്ടു പോകാൻ. കൊവിഡിനെ ഒരു സാംക്രമിക രോഗമായിത്തന്നെ കണ്ട് നടപടികൾ സ്വീകരിക്കണം. പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ഭീഷണിപ്പെടുത്തുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യരുത്. സംസ്ഥാനത്ത് ദിവസേന ജോലി ചെയ്തു ജീവിക്കുന്നവർ വലിയൊരു ശതമാനമാണ്. അവരുടെ വരുമാനം കുറയുന്ന സാഹചര്യം ഉണ്ടായാൽ അവർക്ക് സർക്കാർ കൂടുതൽ സഹായം നൽകണമെന്നും ഡോ.എസ്.എസ് ലാൽ ആവശ്യപ്പെട്ടു