കങ്ങഴ നെടുംകുന്നം കറുകച്ചാൽ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുവാൻ ബൃഹത്ത് പദ്ധതിയുമായി കാഞ്ഞിരപ്പള്ളി എംഎൽഎ ഡോക്ടർ എൻ ജയരാജ്. 140 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയാണ് ഈ മൂന്നു പഞ്ചായത്തുകളിൽ കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ആകുന്ന ഈ പദ്ധതി. മണിമല കുടിവെള്ള പദ്ധതിയും ഉടൻ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. കാഞ്ഞിരപ്പള്ളി ബൈപ്പാസ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായുള്ള 70 കോടി രൂപ അക്കൗണ്ടിൽ എത്തിയതായും എംഎൽഎ.
ഫേസ്ബുക് പോസ്റ്റ്
പ്രിയപ്പെട്ടവരെ,
കറുകച്ചാൽ- നെടുങ്കുന്നം – കങ്ങഴ പഞ്ചായത്തുകൾക്ക് നാളിതുവരെ ഫലപ്രദമായ ഒരു കുടിവെള്ള പദ്ധതിയുണ്ടായിരുന്നില്ല.
ഉള്ള പദ്ധതികളെല്ലാം കാലപ്പഴക്കം ചെന്നവയും പൂർണ്ണമായി ജനങ്ങൾക്ക് കുടിവെള്ളം കൊടുക്കുവാൻ സാധിക്കുന്നവയുമായിരുന്നില്ല.
അതിനൊരു പരിഹാരം കണ്ടെത്തുവാൻ എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ ശ്രമങ്ങൾ തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം ഈ മൂന്നു
പഞ്ചായത്തുകളിലെയും പ്രസിഡന്റുമാരേയും കേരളവാട്ടർ അതോററ്റിയുടെ ഉദ്യോഗസ്ഥരേയും പങ്കെടുപ്പിച്ച് ഒരു യോഗം ചേരുകയും യോഗത്തിൽ അവതരിപ്പിച്ച പദ്ധതിക്കു അംഗീകാരം നൽകുകയും ചെയ്ത വിവരം ഏവരേയും സന്തോഷപൂർവ്വം അറിയിക്കുന്നു.
ഈ പദ്ധതിയുടെ ചിലവ് പ്രതീക്ഷിക്കുന്നത് 140 കോടി രൂപയാണ്.
അത്യാധുനിക ട്രീറ്റ് മെന്റ് പ്ലാന്റ് മൂന്നു പഞ്ചായത്തുകളിലും വെള്ളം ശേഖരിക്കാനുള്ള വലിയ ടാങ്കുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് പദ്ധയിലുൾപ്പെടുത്തിയിരിക്കുന്നത്.
ട്രീറ്റ് മെന്റ് പ്ലാന്റിനു വേണ്ടിവരുന്ന ഒരേക്കർ സ്ഥലവും ടാങ്കുകൾ വെയ്ക്കാനാവശ്യമായ സ്ഥലവും കണ്ടെത്തി തരേണ്ട ചുമതല പഞ്ചായത്തുകൾക്കാണ്.
ഈ പദ്ധതിയിൽ ഉൾപ്പെടുന്ന കുടുബങ്ങളുടെ കണക്കെടുപ്പെല്ലാം പൂർത്തിയായി ജില്ലാതല അംഗീകാരവും നേടി. ഇനി പഞ്ചായത്തുകളുടെ അംഗീകാരത്തോടെ പദ്ധതി ഗവൺമെന്റിനു സമർപ്പിക്കും.
ഈ കുടിവെള്ള പദ്ധതി 2 വർഷംകൊണ്ടു പൂർത്തീകരിക്കുവാനാണ് സംസ്ഥാന ജലവിഭവവകുപ്പിന്റെ കീഴിലുള്ള വാട്ടർ അതോറിറ്റി ലക്ഷ്യമിടുന്നത്.
ഈ പദ്ധതി നടപ്പാകുന്നതോടെ ഈ മൂന്നു പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പൂർണ്ണമായും പരിഹരിക്കപ്പെടും.
ഇനി മറ്റൊരു പ്രധാനപ്പെട്ടകാര്യം മണിമല കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടതാണ്.
മണിമല വെള്ളാവൂർ വാഴൂർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഈ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടന്നു വരികയാണ്.
കോവിഡ് വ്യാപനം പദ്ധതി മുൻപോട്ടുപോകുന്നതിന് ചില തടസ്സങ്ങൾ ഉണ്ടായി എന്നത് ശരിയാണ്. കോവിഡ് വ്യാപനം കുറയുന്നതോടെ പദ്ധതി പൂർവ്വാധികം ശക്തിയോടെ നിർമ്മാണ ജോലികൾ തുടരുക തന്നെ ചെയ്യും. സമയബന്ധിതമായി ഈ പദ്ധതിയും പൂർത്തീകരിക്കും
മറ്റൊന്ന് രണ്ടു പഞ്ചായത്തുകൾക്കു വേണ്ടിയുള്ള കരിമ്പയം കുടിവെള്ള പദ്ധതിയാണ്.
ഭൂമി ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ കൊണ്ടാണ് പദ്ധതി നീണ്ടുപോയത്. ഇപ്പോഴാ കടമ്പകൾ എല്ലാം കടന്ന് 69 കോടി രൂപയുടെ ടെൻഡറിലേക്ക് വൈകാതെ കടക്കുവാൻ സാധിക്കും.
ഈ പദ്ധതികളുടെ പൂർത്തീകരണത്തിനു വേണ്ടി ഒരു ജനപ്രതിനിധി എന്ന നിലയിൽ പൂർണ്ണമായും അർപ്പിത മനസ്സോടെ നിങ്ങൾക്കൊപ്പമുണ്ടാകും
.
എല്ലാ പോസ്റ്റിനടിയിലും കാഞ്ഞിരപ്പള്ളി ബൈസ് എന്തായി എന്നു ആശങ്കയോടെ ചോദിക്കുന്ന സുഹൃത്തുകളെ,
ബൈപ്പാസ് എത്രയും വേഗം പൂർത്തീകരിക്കണം എന്ന ചിന്ത തീർച്ചയായും എനിക്കുമുണ്ട്.
ബൈപ്പാസിന്റെ ജോലികൾ വൈകാതെ ആരംഭിക്കാൻ സാധിക്കും എന്നറിയിക്കട്ടെ.
ബൈപാസിനായി അനുവദിച്ച 70 കോടി രൂപ അക്കൗണ്ടിൽ എത്തിയവിവരം നേരത്തെ നിങ്ങളെ അറിയിച്ചിരുന്നു.
കോവിഡ് വ്യാപനം കുറഞ്ഞഘട്ടത്തിൽ തുടർനടപടികളിലേക്കു പോവുകയാണ്.
ബൈപാസ് നിർമ്മാണത്തിന്റെ എല്ലാ വിവരങ്ങളും അപ്പോൾ തന്നെ പോസ്റ്റു ചെയ്യുന്നതാണ്.
ഏവരും ഒപ്പമുണ്ടാകണം.
നാടിന്റെ പൊതു വികസനമാണ് നമ്മുടെ ലക്ഷ്യം.
ആ ലക്ഷ്യത്തിലെത്താൻ കൂട്ടായ പ്രവർത്തനങ്ങളുടെ ഏകോപനമാണ് വേണ്ടത്.
ആശംസകളോടെ
ഡോ-എൻ ജയരാജ്