Pravasimalayaly

മഹാവൈദ്യന് പ്രണാമം

ആയുര്‍വേദത്തിന്റെ സത്തയും പൊരുളും ലോകത്തിനുമുന്നില്‍ തുറന്നിട്ട മഹാവൈദ്യനും വിശ്വപൗരനും കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിങ്‌ ട്രസ്‌റ്റിയുമായ ഡോ. പി.കെ വാര്യര്‍(100) അന്തരിച്ചു. കോവിഡാനന്തര ചികിത്സയ്‌ക്കുശേഷം ആര്യവൈദ്യശാലാ നഴ്‌സിങ്‌ഹോമില്‍ വിശ്രമത്തില്‍ കഴിയവേ ഇന്നലെ ഉച്ചയ്‌ക്കു 12.25-നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നലെ വൈകിട്ട്‌ നാലരയ്‌ക്കു തറവാട്ടുവളപ്പില്‍ നടന്നു.
കഴിഞ്ഞമാസം എട്ടിനാണ്‌ ശതപൂര്‍ണിമ എന്ന പേരില്‍ അദ്ദേഹത്തിന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്‌. ആ സമയത്ത്‌ അദ്ദേഹം കോവിഡ്‌ ബാധിതനായിരുന്നു. പിന്നീട്‌ രോഗമുക്‌തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെത്തുടര്‍ന്ന്‌ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച ആശുപത്രിയില്‍നിന്നു ഡിസ്‌ചാര്‍ജ്‌ ചെയ്‌തിരുന്നു.
1921 ജൂണ്‍ അഞ്ചിനു കെ.ടി. ശ്രീധരന്‍ നമ്പൂതിരിയുടേയും വൈദ്യരത്‌നം പി.എസ്‌ വാര്യരുടെ ചെറിയമ്മയുടെ മകള്‍ കുഞ്ചിവാരസ്യാരുടേയും മകനായി ജനനം. ആദ്യകാല വിദ്യാഭ്യാസം കോട്ടയ്‌ക്കല്‍ രാജാസ്‌ ഹൈസ്‌കൂളില്‍. പീന്നീട്‌ ആയുര്‍വേദ കോളജില്‍നിന്ന്‌ ആര്യവൈദ്യന്‍ ബിരുദവും നേടി. 1947-ല്‍ ആര്യവൈദ്യശാല ഫാക്‌ടറി മാനേജരായാണ്‌ ഔദ്യോഗിക ജീവിതം ആരംഭിച്ചത്‌. ആദ്യത്തെ മാനേജിങ്‌ ട്രസ്‌റ്റിയായ ജ്യേഷ്‌ഠന്‍ പി.എം വാരിയര്‍ വിമാന അപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന്‌ 1953 ല്‍ ആര്യവൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു. അരനൂറ്റാണ്ടിലധികം തന്റെ പ്രവര്‍ത്തന മികവിലൂടെ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയേയും ഒപ്പം ആയുര്‍വേദത്തെയും ലോകത്തിനു മുന്നിലെത്തിക്കാന്‍ അദ്ദേഹത്തിനായി.
രോഗികളുമായി അടുത്തിടപഴകിയ അദ്ദേഹം, അവരുടെ മനസിലെ വിഷമങ്ങള്‍ ആദ്യം കണ്ടറിയും. ശേഷമായിരിക്കും ചികില്‍സ. ഇങ്ങനെ ആയുര്‍വേദ ചികിത്സയ്‌ക്കു പുതിയ തലം സൃഷ്‌ടിക്കാനും അദ്ദേഹത്തിനായി. ഇക്കാര്യങ്ങള്‍കൊണ്ടെല്ലാം മുന്‍ രാഷ്‌ട്രപതി കെ.ആര്‍ നാരായണന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌ വിശ്വപൗരന്‍ എന്നായിരുന്നു. 1999 ല്‍ പത്മശ്രീയും 2010 ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നിരവധി പുരസ്‌കാരങ്ങള്‍ക്ക്‌ അര്‍ഹനായ അദ്ദേഹം സ്‌മൃതിപര്‍വം എന്ന പേരില്‍ ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

കാലിക്കറ്റ്‌ സര്‍വകലാശാലയുടെ ഡിലിറ്റ്‌, ധന്വന്തരി പുരസ്‌കാരം, നേപ്പാളില്‍നിന്നു ഭൂപാല്‍സിങ്‌ കാര്‍ക്കി അക്കാദമി അവാര്‍ഡ്‌, സംസ്‌ഥാന സര്‍ക്കാരിന്റെ അഷ്‌ടാംഗരത്‌നം പുരസ്‌കാരം, ആദിസമ്മാന്‍ പുരസ്‌കാരം, സി. അച്യുതമേനോന്‍ അവാര്‍ഡ്‌, ഡോ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ എന്നിവ ലഭിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ പാനല്‍ ഓഫ്‌ ആയുര്‍വേദ ആന്‍ഡ്‌ അദര്‍ സിസ്‌റ്റംസ്‌ ഓഫ്‌ മെഡിസിന്‍സ്‌, സംസ്‌ഥാന ആയുര്‍വേദ ഉപദേശക ബോര്‍ഡ്‌, എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്റെ മെഡിക്കല്‍ കൗണ്‍സില്‍, ആയുര്‍വേദം സംബന്ധിച്ച സയന്റിഫിക്‌ അഡൈ്വസറി കമ്മിറ്റി എന്നിവയില്‍ അംഗമായിട്ടുണ്ട്‌.
അഖിലേന്ത്യാ ആയുര്‍വേദ മണ്ഡലം, അഖിലേന്ത്യാ ആയുര്‍വേദ കോണ്‍ഗ്രസ്‌, കേരള ആയുര്‍വേദ മണ്ഡലം എന്നിവയുടെ പ്രസിഡന്റ്‌, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ദി സ്‌റ്റഡി ഓഫ്‌ ട്രഡീഷണല്‍ ഏഷ്യന്‍ മെഡിസിന്റെ വൈസ്‌ പ്രസിഡന്റ്‌, കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ ആയുര്‍വേദ ഫാക്കല്‍റ്റി ഡീന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 1985 ജൂണില്‍ ഇറ്റലിയില്‍ നടന്ന പ്രഥമ ആയുര്‍വേദ സമ്മേളനത്തിലും പങ്കെടുത്തു.
അന്തരിച്ച കവയിത്രി മാധവിക്കുട്ടി വാരസ്യാര്‍ ആണു ഭാര്യ. മക്കള്‍: ബാലചന്ദ്ര വാര്യര്‍, പരേതനായ കെ. വിജയന്‍ വാര്യര്‍, സുഭദ്ര രാമചന്ദ്രന്‍. മരുമക്കള്‍: രാജലക്ഷ്‌മി, രതി വിജയന്‍ വാര്യര്‍, കെ.വി. രാമചന്ദ്ര വാര്യര്‍

Exit mobile version