ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്‌സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുര്‍മുവിനെ തേടിയെത്തും.
ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാര്‍ലമെന്റില്‍ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാര്‍ലമെന്റിന് ചുറ്റുമുള്ള 30 ഓഫീസുകള്‍ക്ക് ഉച്ചവരെ അവധി നല്‍കി. തിരികെ രാഷ്ട്രപതി ഭവന്‍ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക.
പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ആഘോഷങ്ങള്‍ തുടരുകയാണ്. ഡല്‍ഹിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്.