ഇന്ത്യയുടെ 15-ാം രാഷ്ട്രപതിയായി ദ്രൗപദി മുർമു സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി.രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മുൻ രാഷ്ട്രപതി തന്റെ കസേരയിൽനിന്നു മാറി പുതിയ രാഷ്ട്രപതിയെ ഇരുത്തി. സത്യപ്രതിജ്ഞാ റജിസ്റ്ററിൽ രാഷ്ട്രപതി ഒപ്പിട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാഷ്ട്രപതിയാകുന്നത് സൗഭാഗ്യമാണെന്ന് ദ്രൗപദി മുർമു രാഷ്ട്രപതിയായശേഷമുള്ള ആദ്യ പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനികളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പ്രയത്‌നിക്കണമെന്നും അവർ പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായതിനാൽ അശ്വരഥത്തിനു പകരം കാറിലാണ് രാഷ്ട്രപതി ദ്രൗപദി മുർമുവും മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദും രാഷ്ട്രപതിഭവനിൽനിന്നു പാർലമെന്റിലെത്തിയത്. ലോക്‌സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഉപരാഷ്ട്രപതി (രാജ്യസഭാ ചെയർമാൻ) എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു. ഇതിനുശേഷം സെൻട്രൽ ഹാളിലേക്ക് ഇവരുവരെയും നയിച്ചു. ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു, ലോക്‌സഭാ സ്പീക്കർ ഓം ബിർല, പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാർ, എംപിമാർ, സേനാ മേധാവിമാർ, ഉന്നത ഉദ്യോഗസ്ഥർ, വിദേശരാഷ്ട്ര പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.