വാക്സിൻ സർട്ടിഫിക്കിറ്റില്ലാതെ യാത്ര ചെയ്യാനുള്ള സംവിധാനം ദുബൈയിൽ നടപ്പാക്കും. വാക്സിനെടുത്തവർക്കു മാത്രമായി യാത്ര ചെയ്യാനാനുമതി നൽകാൻ പല രാജ്യങ്ങളും തീരുമാനിക്കുന്ന സാഹചര്യത്തിലാണിത്.
വാക്സിനെടുത്തവരും പി.സി.ആർ പരിശോധന നടത്തിയവരും സർട്ടിഫിക്കറ്റ് കൈയിൽ കരുതണം എന്നാണ് ദുബൈ വിമാത്താവളത്തിലെ നിബന്ധന. എന്നാൽ, ഭാവിയിൽ ഇത് വേണ്ടെന്നുവെക്കും. പി.സി.ആർ, വാക്സിൻ വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡിയിൽ ലഭ്യമാക്കാനാണ് നീക്കം. ഇതുമായി ബന്ധപ്പെട്ട നൂതന സംവിധാനം അറബ് ഹെൽത്ത് മേളയിൽ അവതരിപ്പിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റിയും എമിറേറ്റ്സ് എയർലൈനും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്. ചെക്ക് ഇൻ ഡെസ്കിലെത്തുമ്പോള്‍ കാർഡ് റീഡറിൽ യാത്രക്കാരുടെ ഐ.ഡി ഇടുന്നതോടെ പരിശോധന വിവരങ്ങൾ അധികൃതർക്ക് ലഭിക്കും. വിമാനത്താവളത്തിലെ കാത്തുനിൽപ്പും തിരക്കും കുറക്കാൻ ഇത് സഹായിക്കും. വൈകാതെ സംവിധാനം ദുബൈ വിമാനത്താവളത്തിൽ ആരംഭിക്കും.