കോവിഡ് മുൻ കരുതൽ ലംഘനം ദുബായിലെ 107 ഭക്ഷ്യ വിതരണ ശാലകൾ പൂട്ടിച്ചു

0
79

കൊവിഡ് മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചു; ദുബൈയിൽ 107 ഭക്ഷ്യ വിതരണ ശാലകൾക്കെതിരെ നടപടി

ദുബൈ | കൊവിഡ്-19 മുൻകരുതൽ നിർദേശങ്ങൾ ലംഘിക്കുകയും മതിയായ വൃത്തിയില്ലാത്തതുമായ ദുബൈയിലെ 107 ഭക്ഷ്യ വിതരണശാലകൾ പൂട്ടിച്ചതായി ദുബൈ നഗരസഭാധികൃതർ അറിയിച്ചു. കഴിഞ്ഞ മെയ് 27 മുതൽ ദുബൈയിലെ റെസ്റ്റോറന്റുകളിലും കിച്ചണുകളിലും ഫുഡ് ഇൻസ്‌പെക്ടർമാർ നടത്തിയ 10,481 പരിശോധനകളിൽ കണ്ടെത്തിയ നിയമലംഘനങ്ങളുടെ അടിസ്ഥാനത്തിലാണ് 107 ഭക്ഷ്യവിൽപനശാലകൾക്കെതിരെ നടപടിയെടുത്തത്.
മതിയായ സാമൂഹിക അകലം പാലിക്കാത്തതും ഭക്ഷണം തയ്യാറാക്കുമ്പോൾ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ വ്യക്തിസുരക്ഷാ വസ്തുക്കൾ ഉപയോഗിക്കാത്തതുമാണ് കൂടുതൽ നിയമലംഘനങ്ങളെന്ന് ദുബൈ നഗരസഭാ ഭക്ഷ്യപരിശോധനാ മാനേജർ സുൽത്താൻ അൽ താഹിർ പറഞ്ഞു. അണുനശീകരണ സജ്ജീകരണങ്ങൾ ഇല്ലാത്തതിനും നടപടിയെടുത്തു.

റെസ്റ്റോറന്റുകൾക്ക് പുറമെ കഫ്‌തേരിയ, കഫേ, ഗ്രോസറി, സൂപ്പർ മാർക്കറ്റ്, ബേക്കറി എന്നിവിടങ്ങളിലും പരിശോധന നടത്തിവരുന്നുണ്ടെന്ന് സുൽത്താൻ അൽ താഹിർ അറിയിച്ചു.
ഓരോ ഓർഡർ വിതരണത്തിന് ശേഷവും ഡെലിവറി സ്റ്റാഫുകൾ തങ്ങളുടെ മാസ്‌കും ഗ്ലൗസും മാറ്റി പുതിയത് ധരിക്കണമെന്നും അൽ താഹിർ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ലംഘനങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ ദുബൈ നഗരസഭയുടെ 800900 ടോൾഫ്രീ നമ്പറിൽ അറിയിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Leave a Reply