തിരുവനന്തപുരം വിമാനത്താവളം അധാനിയ്ക്ക് കൈമാറുവാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ DYFI. കേരള സർക്കാർ വിമാനം ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചുവെങ്കിലും മാനദണ്ഡങ്ങൾ അട്ടിമറിച്ചാണ് ഉടമസ്‌ഥാവകാശം അധാനിയ്ക്ക് നൽകാൻ പോകുന്നതെന്നും DYFI ആരോപിക്കുന്നു.

പ്രസ്താവന വായിക്കാം
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് വിറ്റത്
കേരളത്തോടുള്ള കൊടിയ വഞ്ചന : ഡിവൈഎഫ്‌ഐ
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ്. കേരളത്തോടുള്ള കൊടിയ വഞ്ചനയാണിത്. വിമാനത്താവളം അദാനി ഗ്രൂപ്പിന് വിൽക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. നാളിതുവരെയായി ഈ രാജ്യത്തിന്റെ സ്വത്തായിരുന്ന തിരുവനന്തപുരം വിമാനത്താവളം ഇനിമുതൽ അദാനിയുടേതാകുന്നു. ഇനിമേൽ ഇവിടെ ആർക്കും സ്ഥിരനിയമനമില്ല. നിയമനങ്ങളിൽ സംവരണവുമില്ല. വിലമതിക്കാനാകാത്ത കണ്ണായഭൂമിയിൽ നാടിന്റെ പണമുപയോഗിച്ച് പണിതുയർത്തിയ വിമാനത്താവളം ബിജെപിക്ക് ഇഷ്ടക്കാരനായ അദാനിക്ക് എഴുതിനൽകുകയാണ്. തിരുവനന്തപുരത്തിന്റെ അഭിമാനമായി തലയുയർത്തി നിന്നിരുന്ന വിമാനത്താവളം നഷ്ടപ്പെടുന്നത് അപരിഹാര്യമായ നഷ്ടമാണ്.
കേന്ദ്രസർക്കാരിന്റെ എയർപോർട്ട് സ്വകാര്യവൽക്കരണ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് കേരള സർക്കാർ നടത്തിയത്. വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധത അറിയിച്ചു. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി വിമാനത്താവളം നടത്തിപ്പിന് തയ്യാറാണെന്ന് അറിയിച്ചു. എന്നാൽ നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങൾ അട്ടിമറിച്ച് കെ.എസ്.ഐ.ഡി.സി യെ തഴഞ്ഞ് ടെൻഡർ നടപടികളിൽ അദാനി ഗ്രൂപ്പിന് കേന്ദ്രസർക്കാർ പരിഗണന നൽകുകയായിരുന്നു. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയെക്കാൾ കുറഞ്ഞ നിരക്കിൽ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുപ്പോലും കേന്ദ്രസർക്കാർ വഴങ്ങിയില്ല. തുടർന്ന് സംസ്ഥാന സർക്കാർ നിയമയുദ്ധത്തിന് പോയി. സുപ്രീംകോടതി കേസ് പരിഗണിച്ച ശേഷം ഹൈക്കോടതിയോട് അന്തിമ തീരുമാനമെടുക്കാൻ നിർദ്ദേശിച്ചു. ഇതിനിടെയാണ് ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം വിമാനത്താവളം അദാനിക്ക് പാട്ടത്തിന് കൊടുക്കാൻ തീരുമാനിച്ചത്. തൊണ്ണൂറുകളിൽ കോൺഗ്രസ് ആരംഭിച്ച എല്ലാം വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയത്തിന്റെ തുടർച്ചയാണ് മോദി ഭരണത്തിലും നടക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളും വിമാനത്താവളങ്ങളും കുറഞ്ഞ വിലയ്ക്ക് കോർപ്പറേറ്റുകൾക്ക് എഴുതി വിൽക്കുന്ന കേന്ദ്രസർക്കാർ നയം ദൂരവ്യാപകമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. രാജ്യത്തെ സ്ഥിരം തൊഴിലുകളും നിയമനങ്ങളിലെ സംവരണങ്ങളും എന്നന്നേക്കുമായി ഇല്ലാതാകുന്നു. രാജ്യത്തിന്റെ പൊതുസ്വത്ത് അതിസമ്പന്നർക്ക് പതിച്ചുനൽകി അതിലൂടെ കോടികളുടെ കമ്മീഷൻ ബിജെപിക്ക് ലഭിക്കുകയാണ്. അക്ഷരാർത്ഥത്തിൽ ഇത് പകൽക്കൊള്ളയാണ്. തിരുവനന്തപുരത്തോടൊപ്പം സ്വകാര്യവൽക്കരിക്കാൻ പട്ടികയിലുണ്ടായിരുന്ന ജെയ്പൂർ, മാംഗ്ലൂർ വിമാനത്താവളങ്ങൾ പൊതുമേഖലയിൽ നിലനിർത്താൻ രണ്ടിടത്തേയും കോൺഗ്രസ് സർക്കാരുകൾ ചെറുവിരൽ അനക്കിയിട്ടില്ല. മാംഗ്ലൂർ വിമാനത്താവളം സ്വകാര്യവൽക്കരിക്കാൻ പദ്ധതിപ്രഖ്യാപിക്കുമ്പോൾ കോൺഗ്രസായിരുന്നു അവിടെ ഭരിച്ചിരുന്നത്. ചെറുത്തുനിൽപ്പുണ്ടായത് കേരളത്തിൽ നിന്ന് മാത്രമാണ്. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ ജനപക്ഷ നിലപാടാണ് ഇതിൽ പ്രതിഫലിച്ചത്. വിമാനത്താവളം അദാനിക്ക് വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധമുയരണം. കേന്ദ്രസർക്കാർ ഈ ജനവിരുദ്ധ തീരുമാനം പുന:പരിശോധിക്കാൻ തയ്യാറാകണം. ബിജെപി നയങ്ങളുടെ ലൗഡ്‌സ്പീക്കറായി മാറിയ കോൺഗ്രസ് ഇക്കാര്യത്തിലെങ്കിലും വ്യത്യസ്തമായ നിലപാട് സ്വീകരിക്കണം. ബിജെപി സംസ്ഥാന നേതൃത്വം ഇനി എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെ അഭിമുഖീകരിക്കുന്നത്? സംസ്ഥാനത്തിന് സംഭവിച്ച പകരംവെക്കാനാകാത്ത നഷ്ടമാണ് വിമാനത്താവള കച്ചവടം. ഇതിൽ സംസ്ഥാനത്തെ ബിജെപി നേതൃത്വവും കേരളത്തിനെതിരായ നീക്കത്തിൽ അദാനിഗ്രൂപ്പിനൊപ്പം കൈകോർത്തുനിന്നിരുന്നു. വിമാനത്താവള സ്വകാര്യവൽക്കരണത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി