കൊച്ചി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ നല്‍കി ഡിവൈഎഫ്‌ഐയുടെ നല്ല മാതൃക. ആക്രി പെറുക്കിയും, ചക്കയും മാങ്ങയും ബിരിയാണിയും വിറ്റും, കരിങ്കല്‍ ചുമന്നുമൊക്കെയാണ് ഈ തുക കണ്ടെത്തിയത്. ജഴ്‌സികള്‍ ലേലത്തിന് വെച്ച് കായിക താരങ്ങളും പദ്ധതിക്ക് പിന്തുണയേകി.
രണ്ട് വര്‍ഷത്തെ പ്രളയവും കൊവിഡും തകര്‍ത്ത കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ പശ്‌ചാത്തലത്തില്‍ ചെറിയ തോതിലെങ്കിലും കേരളത്തിന് കൈത്താങ്ങാവുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റീസൈക്കിള്‍ കേരള എന്ന പദ്ധതി ഡിവൈഎഫ്‌ഐ മുന്നോട്ടുവെച്ചത്. യുവജനങ്ങള്‍ കൂട്ടത്തോടെ ഇറങ്ങി. വീടുകളില്‍നിന്ന് പഴയ പത്രങ്ങളും മാസികകളുമൊക്കെ ശേഖരിച്ച് തുടങ്ങി. പിന്നാലെ കരിങ്കല്‍ ചുമക്കാനും വീടുകള്‍ക്ക് പെയിന്റ് അടിക്കാനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആവേശത്തോടെ ഇറങ്ങി. കോഴിവേസ്റ്റ് ശേഖരിച്ചു. പച്ചക്കറി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് വില്‍പ്പന നടത്തി. നോമ്പുകാലത്ത് മലപ്പുറത്ത് ബിരിയാണി വില്‍പ്പന നടത്തി. ജഴ്സികള്‍ ലേലത്തിന് വെച്ച് കിട്ടിയ തുക കായികതാരങ്ങളും കൈമാറി. അങ്ങനെ 10 കോടിയിലധികം രൂപ കണ്ടെത്തി.
ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് കൂടുതല്‍ തുക നല്‍കിയത്. ഒരു കോടി 65 ലക്ഷം രൂപ. കോഴിക്കോടുനിന്ന് 1 കോടി 20 ലക്ഷവും തിരുവനന്തപുരത്തുനിന്ന് ഒരു കോടി പതിനഞ്ച് ലക്ഷവും കണ്ടെത്താനായി.