കോടഞ്ചേരി വിവാഹ വിവാദം ; ദമ്പതികള്‍ക്ക് പിന്തുണയുമായി ഡിവൈഎഫ്‌ഐ

0
22

കോഴിക്കോട്: ഡിവൈഎഫ്ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിൻ എം.എസും പങ്കാളി ജോയ്‌സനയും തമ്മിലുള്ള വിവാഹത്തെ തുടർന്നുണ്ടായ വിവാദങ്ങളിൽ ജോർജ് എം തോമസിനെ തള്ളി ഡിവൈഎഫ്ഐ. വിവാദം അനാവശ്യവും നിർഭാഗ്യകരവുമാണെന്നും പ്രായപൂർത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീർത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണെന്നും ഡിവൈഎഫ്ഐ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് ഡിവൈഎഫ്ഐയുടെ പ്രഖ്യാപിത നിലപാട്. മതേതര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കാൻ സെക്കുലർ മാട്രിമോണി വെബ് സൈറ്റ്‍ തുടങ്ങുകയും മതേതര വിവാഹങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്ത പ്രസ്ഥാനമാണ് ഡിവൈഎഫ്ഐ, ഫെയ്സ്ബൂക്ക്പോസ്റ്റിൽ പറഞ്ഞു.

മതേതര വിവാഹ ജീവിതത്തിന്റെ വലിയ മാതൃകകൾ കാട്ടി തന്ന അനേകം നേതാക്കൾ ഡിവൈഎഫ്ഐക്ക് കേരളത്തിൽ തന്നെയുണ്ട്. കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലവ് ജിഹാദ് എന്ന പ്രയോഗം.

മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമ സഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് ലവ് ജിഹാദ് എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്ഥാപിത വർഗ്ഗീയ താത്പര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവ്വം കാണണമെന്ന് ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി.

കലയിലും രാഷ്രീയത്തിലും ജീവിതത്തിന്റെ സമസ്ത മേഖലയിലും മതം തീവ്രവാദം പിടി മുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഷെജിനും ജോയ്‌സ്നയും മത നിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്ക്ക് മാതൃകയുമാണ്. ഇരുവർക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് ഡിവൈ.എഫ്ഐ വ്യക്തമാക്കി.

ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്നും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നും മുൻ എംഎൽഎയും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ ജോർജ് എം തോമസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം.

ഷെജിൻ ജോയ്സ്നയുമായി ഒളിച്ചോടിയ നടപടി ശരിയല്ല. ഇത്തരമൊരു പ്രണയമുണ്ടെങ്കിൽ പാർട്ടിയോട് അറിയിക്കണമായിരുന്നു. അടുത്ത സഖാക്കളോടോ പാർട്ടി ഘടകത്തിലോ സംഘടനയിലോ ആരുമായും ഇതേക്കുറിച്ച് സംസാരിച്ചിട്ടില്ല. ക്രൈസ്തവ സമുദായം വലിയ തോതിൽ പാർട്ടിയുമായി അടുക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്തരമൊരു നീക്കം പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കി എന്നും ജോർജ് എം. തോമസ് പറഞ്ഞിരുന്നു.

എന്നാൽ തങ്ങളുടെ വിവാദം ലൗവ് ജിഹാദ് അല്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും വ്യക്തമാക്കി യുവദമ്പതികൾ രംഗത്ത് വന്നു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതിൽ തനിക്ക് വീഴ്ച പറ്റിയെന്നും ഷെജിന്‍ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജോയ്‌സ്‌നയും ഒളിച്ചോടി വിവാഹം കഴിച്ചത്. ജോയ്‌സ്‌നയെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയും ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു. പിന്നീട് താമരശേരി കോടതിയില്‍ ഇവർ ഹേബിയസ് കോർപസ് ഹർജി സമർപ്പിക്കുകയും ഇന്നലെ കോടതിയിൽ ഹാജരായ ജോയ്‌സ്‌ന വീട്ടുകാർക്കൊപ്പം പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതോടെ ഷെജിനൊപ്പം പോകാന്‍ അനുവദിക്കുകയുമായിരുന്നു.

അതേസമയം, വിഷയത്തിൽ ഇന്ന് കോടഞ്ചേരിയിൽ സിപിഎമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്നുണ്ട്. വൈകുന്നേരമാണ് യോഗം. ഷെജിനെതിരെ പാർട്ടി അച്ചടക്ക നടപടിയെടുക്കുമെന്നും വരും ദിവസങ്ങളിൽ ഇക്കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും ജോർജ് എം തോമസ് ഇന്നലെ പറഞ്ഞിരുന്നു.

Leave a Reply