Pravasimalayaly

എ.എ.റഹീമും മുഹമ്മദ് റിയാസും സ്വന്തം അനുയായികളെ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു; ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ കേന്ദ്ര നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം. കേന്ദ്ര നേതൃത്വം സമരങ്ങള്‍ ചെയ്യുന്നതില്‍ പരാജയം എന്നായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം. വൃന്ദാ കാരാട്ട് അടക്കമുള്ള മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ക്കുള്ള ഊര്‍ജം പോലും ഡിവൈഎഫ്‌ഐ കേന്ദ്ര നേതൃത്വത്തിനില്ല എന്നും വിമര്‍ശനം ഉയര്‍ന്നു.

ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹീമിനെതിരേയും മുന്‍ അഖിലേന്ത്യ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു വിമര്‍ശനം. ഇവരെല്ലാവരും സ്വന്തം അനുയായികളെ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സംഘടനയുടെ സ്വതന്ത്രമായ പ്രവര്‍ത്തന മുന്നേറ്റത്തിന് തടസമാകുമെന്നും വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ച് വിമര്‍ശനമുയര്‍ന്നു.

ഡിവൈഎഫ്‌ഐയെ പത്തനംതിട്ടയില്‍ നിയന്ത്രിക്കുന്നത് സിപിഐഎം ആണ്. ഇത് സംഘടനയുടെ സ്വതന്ത്ര പ്രവര്‍ത്തനത്തെ ഉള്‍പ്പെടെ ബാധിക്കുന്ന വിഷയമാണ്. ആലപ്പുഴയില്‍ മെമ്പര്‍ഷിപ്പില്‍ ഗുരുതരമായ കുറവുകളുണ്ടായി. സ്ത്രീകളെ സംഘടനയുടെ മുന്‍നിരയിലേക്കും യൂണിറ്റ് കമ്മിറ്റികളുടെ ഭാരവാഹികളായി കൊണ്ടുവരണമെന്നുമെല്ലാമുള്ള നിര്‍ദേശമുണ്ടായിരുന്നു. പക്ഷേ അത് സംസ്ഥാനത്തിന്റെ പലഭാഗത്തും നടപ്പായില്ല. യുവതികള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തന സമയം ക്രമീകരിക്കണം.

ഘടകകക്ഷി മന്ത്രിമാര്‍ക്ക് എതിരെയും വിമര്‍ശനം പ്രതിനിധികള്‍ ഉന്നയിച്ചു. വൈദ്യുതി വകുപ്പിന്റെയും, ഗതാഗത വകുപ്പിന്റെയും പ്രവര്‍ത്തനം ശരിയായ ദിശയിലല്ല. മാനേജ്‌മെന്റിനെ നിലയ്ക്ക് നിര്‍ത്താന്‍ മന്ത്രിമാര്‍ക്ക് ആകുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇടതുപക്ഷത്തിന്റെ പൊലീസ് നയം ചില പൊലീസുകാര്‍ക്ക് ഇനിയും അറിയില്ല എന്ന് മലപ്പുറത്ത് നിന്നുള്ള പ്രതിനിധികള്‍ വിമര്‍ശിച്ചു.

കണ്ണൂരിലാണ് മെമ്പര്‍ഷിപ്പ് ഏറ്റവും കൂടുതല്‍ ഉള്ളത്. എന്നാല്‍ വയനാട്ടില്‍ മെമ്പര്‍ഷിപ്പില്‍ പിന്നാക്കം പോയി. കോട്ടയത്ത് മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനത്തില്‍ വലിയ വീഴ്ചയുണ്ടായി. മെമ്പര്‍ഷിപ്പിലുണ്ടായ യുവതികളുടെ കൊഴിഞ്ഞുപോക്കും പരിശോധിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട്. ലഹരി ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചു.

ലഹരി ഗുണ്ടാ സംഘകങ്ങളെ തുറന്നുകാട്ടുന്നതില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി മാതൃകയെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഈ വിഷയത്തില്‍ മറ്റു ജില്ലകള്‍ കണ്ണൂരിനെ മാതൃകയാക്കണം എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പൊതുചര്‍ച്ച ഇന്ന് തുടരും.

Exit mobile version